ചരിത്രം തിരുത്തിക്കുറിക്കാന്‍ വനിതാ മതില്‍; കാസര്‍കോട്ട് മന്ത്രി കെ.കെ ശൈലജ ആദ്യകണ്ണിയാകും

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രം തിരുത്തിക്കുറിക്കാന്‍ വനിതാ മതില്‍; കാസര്‍കോട്ട് മന്ത്രി കെ.കെ ശൈലജ  ആദ്യകണ്ണിയാകും

തിരുവനന്തപുരം: ലോകം ഉറ്റു നോക്കുന്ന വനിതാമതില്‍ ഇന്നു വൈകീട്ട്. പുതുവര്‍ഷപ്പിറവി ദിനമായ ചൊവ്വാഴ്ച വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ്മുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ ദേശീയപാതയില്‍ നടക്കുന്ന വനിതാമതിലില്‍ ലക്ഷങ്ങള്‍ അണിചേരും. നവോത്ഥാന മൂല്യസംരക്ഷണത്തിനായുള്ള കേരളീയ സമൂഹത്തിന്റെ ഐക്യകാഹളമാകുന്ന വനിതാമതിലില്‍ പങ്കാളികളാകാന്‍ കേരളത്തിലെ വനിതകള്‍ ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരുവനന്തപുരംവരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന് വടക്കോട്ട്) ചേര്‍ന്നാണ് മതില്‍ തീര്‍ക്കുന്നത്. മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. 3.45ന് ട്രയല്‍. നാലിന് വനിതാമതില്‍ തീര്‍ക്കും. 4.15 വരെ തുടരും. നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ലക്ഷങ്ങള്‍ ഏറ്റു ചൊല്ലും. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മഹിളാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക, സമുദായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനിതാ മതിലിനെ തുടര്‍ന്ന് ചില ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നുച്ചയ്ക്ക് ശേഷം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares