ചട്ടഞ്ചാലിന്റെ ചവിട്ട് നാടകം ആറാം തവണയും സംസ്ഥാനത്തേക്ക്; ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഒന്നാമന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ചട്ടഞ്ചാലിന്റെ ചവിട്ട് നാടകം ആറാം തവണയും സംസ്ഥാനത്തേക്ക്; ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഒന്നാമന്‍

ചെമ്മനാട്: ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ കലാകാരന്മാര്‍ ചവിട്ട് നാടകത്തില്‍ ആറാം തവണയും സംസ്ഥാനത്തേക്ക്. ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സ്‌കൂള്‍ ഇക്കുറിയും ഒന്നാമതെത്തി. തെക്കന്‍ കേരളത്തിലെ ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തിന്റെ നാടന്‍ കലാരൂപമാണ് കാറല്‍സ്മാന്‍ ചരിതത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന നൃത്ത സംഗീത കലാ നാടക സമന്വയമായ ചവിട്ടുനാടകം.

സ്‌കൂള്‍ കലോത്സവത്തില്‍ ഇനമായ് ചേര്‍ത്ത വര്‍ഷം മുതല്‍ ജില്ലയില്‍ ഒന്നാമനായ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പങ്കെടുക്കുന്നത് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാത്രമാണ്. വര്‍ണ്ണ വിസ്മയ കാഴ്ച തുളുമ്പുന്ന ആടയാഭരണങ്ങളും, വസ്ത്രങ്ങളും ഉടുത്തൊരുങ്ങി, ഗമയിലാണ് വേദിയില്‍ എത്തുക. രാജാവിന്റെ കൊട്ടാരവും, സിംഹാസനവും നയന മനോഹര കാഴ്ചയാണ്. നല്ല പരീശീലനം വേണം. എറണാകുളം ഗോതുരത്തിലെ എ.എന്‍ അനിരുദ്ധനാണ് പരിശീലകന്‍. കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാ മത്സരത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ചവിട്ടുനാടകത്തില്‍ രണ്ടാം സ്ഥാനം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നേടിയിരുന്നു.

മലയാളം അധ്യാപകനായ രതീഷ് പിലിക്കോടാണ് മുഖ്യ ചുമതലക്കാരന്‍. ഇക്കുറി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഷിബിന നായരും സംഘവും ഹെസ്‌കൂള്‍ വിഭാഗത്തില്‍ മോനിഷയും സംഘവുമാണ് വിജയിച്ചത്.

0Shares