
നാഗ്പൂര്‍: ഗൗരി ലങ്കേഷന്റെ കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന തരത്തില്‍ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന പ്രചാരണം തള്ളിക്കളഞ്ഞുകൊണ്ട് സി. പി. ഐ (മാവോയിസ്റ്റ്). ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെ തെരുവിലിറങ്ങാനും ശക്തമായ സമരം ആരംഭിക്കാനും സി. പി. ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
2002ലെ ഗുജറാത്ത് കലാപത്തിനു പിന്നില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്ന കൃതിയുടെ പ്രസിദ്ധീകരണം അവരെ പ്രകോപിതരാക്കിയിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള പങ്കിന് തെളിവാണെന്നും പ്രസ്താവനയില്‍ പറയുന്നു. ജനങ്ങള്‍ക്കായി ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് സംഘപരിവാര്‍ ഗൗരി ലങ്കേഷിനെ വധിച്ചതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
ഇടതുപക്ഷ, പുരോഗമന-ജനാധിപത്യ പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘപരിവാറിന്റെ ഫാസിസ്റ്റ് സംഘത്തിന് ബി. ജെ. പി സര്‍ക്കാരിന്റെ സംരക്ഷണ ലഭിക്കുന്നതായും ആരോപിക്കുന്നുണ്ട്. ഇതിനെതിരെ പോരാടുന്നതിന് സമാന മനസ്‌കരായ എല്ലാ ജനങ്ങളും അടിയന്തിരമായി പ്രക്ഷോഭരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന് രാജരാജേശ്വരി നഗറിലെ വസതിയില്‍ വെച്ചാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമികള്‍ വീടിന്റെ പ്രവേശന കവാടത്തിന് സമീപംവച്ചാണ്് ഗൌരിക്കുനേരെ വെടിയുതിര്‍ത്തത്. കാറില്‍ വീട്ടിലേക്ക് വരുകയായിരുന്നു അവര്‍. കാര്‍ റോഡില്‍നിന്ന് വീട്ടുമുറ്റത്തേക്ക് കയറ്റാനായി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. പുരോഗമനവാദിയായിരുന്ന എം. എം കലബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൌരി ലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷം മുന്‍പ് കലബുര്‍ഗിയെ കൊന്നത്. ഗൌരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനം.
കലബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌരിയും പങ്കെടുത്തിരുന്നു. ആര്‍. എസ്. എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്.
