കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു. ദക്ഷിണ കര്‍ണ്ണാടകയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ (35)നെയാണ് നിഷ്ഠുരമായി വെട്ടി കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവുകൂടിയായ അബ്ദുല്‍ ജലീലിനെ ബൈക്കിലെത്തിയ മുഖംമൂടി സംഘം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിനകത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. കാസര്‍കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ ബായാറില്‍ നിന്നും നാല് കിലോ മീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന കറുവപ്പാടി പഞ്ചായത്ത് ഓഫീസ്. കര്‍ണ്ണാടക സ്വദേശിയാണെങ്കിലും മലയാളിയായ അദ്ദേഹം നേരത്തെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കുന്നുണ്ട്. പ്രതികള്‍ മഞ്ചേശ്വരം ബായാര്‍ ഭാഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന കര്‍ണാടക പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ബായാറിലും അതിര്‍ത്തി പ്രദേശത്തും പോലീസ് ജാഗ്രത പാലിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി വരികയാണ്. കുമ്പള, മഞ്ചേശ്വരം പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി കര്‍ണ്ണാടക പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. കര്‍ണ്ണാടകയിലെ ഉന്നത പോലീസ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അബ്ദുള്‍ ജലീലിന്റെ ദാരുണമായ അന്ത്യം കാസര്‍കോടിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളെ ശോകമൂകമാക്കി.