
കാസർകോട്: ഗ്രാമീണ സംസ്‌കൃതിയുടെ അന്യം നിന്നുപോകുന്ന കലാരൂപമാണ് നൂൽ പാവകളി. പാവകളിക്കുള്ള നൂൽ പാവനിർമാണം അഥവാ പപ്പറ്റ് നിർമാണത്തിൽ സംസ്ഥാന ശാസ്ത്രോത്സവം പ്രവൃത്തി പരിചയ മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ എ.എസ് നന്ദനക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു.

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ നന്ദന കാനത്തൂർ, എരിഞ്ഞിപ്പുഴയിലെ അശോകന്‍റെയും സുധാ ദേവിയുടെയും മകളാണ്. ജില്ലയിൽ നിന്നും നന്ദനയ്ക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവുമായിരുന്നു. കുറ്റിക്കോൽ എ.യു.പി സ്കൂളിലെ അധ്യാപികയായ കെ.വനജയാണ് നന്ദനയെ പരിശീലിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി വനജ ടീച്ചർ പരിശീലിപ്പിച്ച കുട്ടികൾ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടുന്നുണ്ട്.
