പനാജി: തെക്കന്‍ ഗോവയിലെ കചോരെം ജില്ലയില്‍ സൻവോർഡം പുഴയ്ക്ക കുറുകെയുള്ള പാലം തകര്‍ന്ന് നിരവധി പേര്‍ പുഴയിലേക്ക് വീണ് കാണാതായി. ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്നും 55 കിലോമീറ്റർ അകലെയാണ് സംഭവം. പുഴയിൽ വീണ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത് പേരെ കാണാനില്ലന്നാണ് സൂചന. ജില്ലാ അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് കാലത്തുള്ള പാലമാണിത്. പഴയ പാലമായതിനാൽ ഏതാനും വർഷമായി ഇതിലൂടെ വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചിരുന്നില്ല.

വലിയ ജനക്കൂട്ടം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പുഴയിൽ വീണ ചിലർ നീന്തി കരയ്ക്ക് കയറിയെന്നും ഏതാനും പേരെ രക്ഷപ്പെടുത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പാലത്തിൽ നിന്നും പുഴയിൽ ചാടി ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അഗനിശമനസേന നടത്തുമ്പോൾ ഇത് കാണാനായി വലിയ ജനക്കൂട്ടം പാലത്തിൽ കയറിയതാണ് അപകട കാരണമെന്നും വാർത്തകളുണ്ട്.