Categories
Kerala news

സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തല്‍; ആദ്യ ഗൂഢാലോചന നടന്നത് തലസ്ഥാനത്ത്, സ്വപ്‌നയ്ക്കും കൂട്ടാളികൾക്കും എതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്

സ്വപ്‌ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഗൂഢാലോചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വെളിപ്പെടുത്തല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായ തെളിവ് ലഭിച്ചു. സ്വപ്‌നക്ക് വേണ്ടി മറ്റൊരു സ്ത്രീയെ ഉപയോഗിച്ച്‌ വെളിപ്പെടുത്തല്‍ നടത്താന്‍ ആയിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പിന്നീട് സ്വപ്‌ന തന്നെ മതിയെന്ന് തീരുമാനിച്ചു. ഗൂഢാലോചന നടന്നത് അഞ്ചിടങ്ങളിലായാണ്. തൈക്കാട് എറണാകുളം എന്നീ ഗസ്റ്റ് ഹൗസുകളിലെ രജിസ്റ്റര്‍ പരിശോധിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്.

സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്നാണ് വിവരം. അഞ്ചു സ്ഥലങ്ങളിലായാണ് സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തല്‍ കേസില്‍ ഗൂഢാലോചന നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി കെ.ടി ജലീലിനുമെതിരെയാണ് സ്വപ്‌ന സുരേഷ് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വെളിപ്പെടുത്തലില്‍ ഗൂഢാലോചന ഉണ്ടെന്നും അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തു വന്നത് കെ.ടി ജലീലായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചത്.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്ക് ആദ്യം ഗൂഢാലോചന നടന്നത് തലസ്ഥാനത്ത് ആണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. തൈക്കാട് ഗസ്റ്റ്ഹൗസില്‍ പി.സി ജോര്‍ജ് താമസിച്ചിരുന്ന 404ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു ഇതിനായുള്ള ആദ്യ ഗൂഢാലോചന നടത്തിയത്. ഈസമയം സരിത്തും ഒപ്പമുണ്ടായിരുന്നു. അതിനുശേഷം മറ്റു നാല് കൂടിക്കാഴ്ചകളും നടന്നത് എറണാകുളത്തായിരുന്നു. ഫെബ്രുവരിയിലായിരുന്നു എറണാകുളത്തെ കൂടിക്കാഴ്ചകള്‍ നടന്നത്. അവിടെ ഗസ്റ്റ് ഹൗസിലും ഒരു സ്റ്റാര്‍ ഹോട്ടലിലുമായാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ക്രൈം നന്ദകുമാറിൻ്റെ ഓഫീസിലും ഗൂഢാലോചന നടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

സ്വപ്‌നയുടെയും സരിത്തിൻ്റെ യും പി.സി ജോര്‍ജിൻ്റെയും ടവര്‍ ലൊക്കേഷനുകളും ഗസ്റ്റ് ഹൗസുകളിലെയും സ്വകാര്യ ഹോട്ടലിലെയും സന്ദര്‍ശക രജിസ്റ്ററുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചതിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.

സ്വപ്‌നയോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു സ്ത്രീയെ ഉപയോഗിച്ചാണ് ആദ്യം വെളിപ്പെടുത്തലുകള്‍ നടത്താന്‍ ആലോചിച്ചത്. ഇതിനായി അവരെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ പിന്‍മാറിയതോടെ സ്വപ്‌നയെ കൊണ്ടുതന്നെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ജലീലിൻ്റെ പരാതിയില്‍ പ്രതിസ്ഥാനത്തുള്ളവരുടെ മൊബൈല്‍ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

ഇവരെല്ലാം ഒരേദിവസം ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. പി.സി ജോര്‍ജ്, സരിത്ത്, ക്രൈം നന്ദകുമാര്‍, സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവര്‍ക്കെതിരെ മറ്റു തെളിവുകള്‍ കൂടി ശേഖരിച്ചു വരികയാണ്. ഇപ്പോഴും സ്വപ്‌ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest