ന്യൂഡല്‍ഹി: ഗോവയും പഞ്ചാബും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് പോളിങ് ആരംഭിച്ചത്. മാര്‍ച്ച് 31നാണ് വോട്ടെണ്ണല്‍. പഞ്ചാബില്‍ ഭരണകക്ഷിയായ ശിരോമണി അകാലി ദള്‍- ബിജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടത്തിനൊപ്പം ആം ആദ്മി പാര്‍ട്ടി കൂടി ചേരുന്നതോടെ പഞ്ചാബില്‍ കടുത്ത മത്സരമാകും നടക്കുക.

പഞ്ചാബില്‍ 117 മണ്ഡലങ്ങളാണുളളത്. നാല്‍പ്പതു മണ്ഡലങ്ങളുളള ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമാണ് മത്സര രംഗത്തുളളത്. ശിവസേന, മഹാരാഷ്ട്ര ഗോമ്ന്തക് പാര്‍ട്ടി, ഗോവ സുരക്ഷാ മഞ്ച് എന്നിവയുള്‍പ്പെട്ട മുന്നണിയും രംഗത്തുണ്ട്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ടു സംസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഫോടനമുണ്ടായ പഞ്ചാബില്‍ 200 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. 11 ലക്ഷം വോട്ടര്‍മാരുള്ള ഗോവയിലെ 1,642 പോളിങ് ബൂത്തുകളിലും തല്‍സമയ വെബ്കാസ്റ്റിങ് ഉണ്ടാകും. സ്ത്രീകള്‍ മാത്രം ചുമതലയിലുള്ള പിങ്ക് ബൂത്തുകളാണ് ഗോവയിലെ മറ്റൊരു സവിശേഷത.