
കോഴിക്കോട്: ഗെയില് പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ സമരസമിതിയും പോലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങള്‍ തല്ലി തകര്ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെ. എസ്. ആര്‍. ടി. സി ബസുകള്‍ തകര്‍തു. ഒട്ടേറെ പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ വീടുകളിൽ കയറി വാഹനങ്ങൾ തകർക്കുകയും സ്ത്രീകളെയും കുട്ടികളേയും മർദ്ദിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. സമരപ്പന്തലും കൊടിയും പോലീസ് പൂർണ്ണമായും തകർത്തു. സമരത്തിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളിൽ നാളെ യു.ഡി.എഫ് ഹർത്താൽ നടത്തും. കാരശ്ശേരി, കൊടിയത്തൂർ, കീഴുപറമ്പ് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

സമരക്കാരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പോലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി സമരക്കാർ ആരോപിച്ചു. സമരക്കാരെയും നിരപരാധികളെയും പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതായും നാട്ടുകാർ ആരോപിക്കുന്നു. ജെ.സി.ബിയും ജനറേറ്ററുമുൾപ്പടെയുള്ളവ പോലീസ് നശിപ്പിച്ചതായി ആരോപണമുണ്ട്. നാട്ടുകാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാത്തതിനാൽ ടിയർഗ്യാസ് പ്രയോഗിച്ചു. സമരക്കാര്‍ റോഡിന് നടുവില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
ഗെയില്പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിലായിരുന്നു സമര സമിതിക്കാരുടെ എതിര്‍പ്പ്. റീ സര്‍വേ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
