ഗീതോപദേശം ഇനി അമേരിക്കയിലേക്ക്; ദാരുശില്‍പകലാ വിസ്മയവുമായി ഡോ. രനീഷ് അര്‍ലടുക്ക

  • Post category:news
  • Reading time:1 min read
You are currently viewing ഗീതോപദേശം ഇനി അമേരിക്കയിലേക്ക്; ദാരുശില്‍പകലാ വിസ്മയവുമായി ഡോ. രനീഷ് അര്‍ലടുക്ക

കാസര്‍കോട്: പരമ്പരാഗത ശൈലിയില്‍ മരത്തില്‍ ശില്‍പങ്ങള്‍ തീര്‍ക്കുന്ന കാസര്‍കോട്ടെ ഡോ. രനീഷ് അര്‍ലടക്കയുടെ ശില്‍പങ്ങള്‍ കടല്‍ കടന്ന് അമേരിക്കയിലേക്ക്. തേക്കില്‍ തടിയില്‍ തീര്‍ത്ത ഭഗവത് ഗീതയിലെ ഗീതോപദേശമാണ് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും പല ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലും ചര്‍ച്ചുകളിലുമൊക്കെ രനീഷിന്റെ കൊത്തുപണികള്‍ കൊണ്ട് ഇതിനകം തന്നെ അത്ഭുതം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. മരം കൊണ്ടുള്ള ശില്‍പം, പാരമ്പര്യ ശില്‍പ നിര്‍മാണം തുടങ്ങിയവയ്ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിള്‍ യൂണിവേസ്റ്റി(അമേരിക്ക) ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. സൂചിയും ബ്ലേഡും കൊണ്ട് ഏറ്റവും ചെറിയ പെന്‍സില്‍ മുനയുടെ അറ്റത്ത് മയിലും, സര്‍പ്പവും, താക്കോലും, കുളിക്കുന്ന സോപ്പ് കൊണ്ട് നിര്‍മിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ശില്‍പം, ക്ഷേത്രമുഖയാമം കിംപുരുഷ, വ്യാളി, രാശിചക്രം ക്ഷേത്രവാതില്‍, മസ്ജിദ് വാതിലുകള്‍, മെഴുക് ശില്‍പങ്ങള്‍, മരത്തില്‍ കൊത്തിയെടുത്ത പത്തടി നീളമുള്ള ഗീതോപദേശ ശില്‍പം തുടങ്ങിയവയാണ് രനീഷിന്റെ കരവിരുതില്‍ വിരിഞ്ഞത്.ദാരുശില്‍പകലയിലുടെ കേരളത്തിലും കര്‍ണാടകയിലും നൂറോളം ക്ഷേത്രങ്ങളില്‍ കിംപുരുഷമുഖം തീര്‍ത്തിട്ടുണ്ട്. വിശുദ്ധ ചവറാച്ചന്‍, സത്യസായിബാബ, മാതാ അമൃതാനന്ദമയി, വയലാര്‍ തുടങ്ങി പ്രമുഖരുടെ രൂപങ്ങള്‍ മരത്തില്‍ കൊത്തിയെടുത്തിട്ടുണ്ട്. മരവൃത്തത്തില്‍ ചെയ്ത എലിസബത്ത് രാജ്ഞിയുടെ രൂപം വിദേശ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മരത്തില്‍ കൊത്തിയെടുത്ത സരസ്വതി ശില്‍പത്തിന് ഫെയ്സ് ബുക്കില്‍ ഒന്നരലക്ഷം ലൈക്കാണ് കിട്ടിയത്. പാരമ്പര്യമായി കിട്ടിയ ആശാരി പണിയില്‍ നിന്നുമാണ് രനീഷ് ദാരുശില്‍പിയാകുന്നത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതോടെ ശില്‍പകലയിലേക്ക് ശ്രദ്ധമാറ്റുകയായിരുന്നു. സദാനന്ദന്‍ ആണ് ശില്‍പകലയിലെ ഗുരു. വിദ്യനഗര്‍ വുഡ് കാര്‍വ് സ്ഥാപനത്തില്‍ നിരവധി ശിഷ്യന്മാരൊപ്പം വിസമയിക്കുന്ന ശില്‍പങ്ങള്‍ തീര്‍ത്തുവരികയാണ്. അമേരിക്കയിലെ മലയാളിക്ക് വേണ്ടിയാണ് നേരത്തെ ഗീതോപദേശം കൊത്തിയെടുത്തത്. ഇപ്പോള്‍ വിദേശിക്കുവേണ്ടായാണ് വീണ്ടും തേക്കിന്‍ തടിയില്‍ ശില്‍പം തീര്‍ക്കുന്നത്. ഒരുലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപവിലയുണ്ട് ഈ ശില്‍പങ്ങള്‍ക്ക്. പൈക്കയിലെ രാഘവന്‍ ആചാരി-ചിത്ര ദമ്പതികളുടെ മകനാണ് ഈ മുപ്പതുകാരന്‍. ഭാര്യ സൗമ്യ രനീഷും മകള്‍ രാഗപ്രിയ ശില്‍പകലയ്ക്ക് പിന്താങ്ങായുണ്ട്.

0Shares