
കാസർകോട്: ഗാർഹിക പീഡന കേസിൽ യുവതിക്ക് ഭർത്താവും കുടുബവും ചേർന്ന് 19 ലക്ഷം രൂപയുടെ സ്വർണവും 2 ലക്ഷം രൂപയും നൽകാൻ കോടതി വിധിച്ചു. ചെങ്കള പഞ്ചായത്തിലെ 5 ആം വാർഡ് പുണ്ടൂരിലെ സകീന പി എന്ന യുവതിയുടെ പരാതിയിൽ ഭർത്താവായ കുമ്പള കുണ്ടങ്കേരടുക്കയിലെ അബ്ദുൽ സമീർ പാച്ചാണി, മാതാവ് നഫീസ, സമീറിൻ്റെ സഹോദരി നിഷ, സമീറിൻ്റെ ഇളയ സഹോദരൻ ഇർഷാദ് എന്നിവർ ചേർന്ന് നഷ്ടപരിഹാരം നൽകാൻ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 വിധി പുറപ്പെടുവിച്ചത്.

19 ലക്ഷം രൂപയുടെ സ്വർണവും 2 ലക്ഷം രൂപ നഷ്ട്ടപരിഹാരത്തിന് പുറമെ കുട്ടികളുടെയും യുവതിയുടെയും ചിലവിന് ഭർത്താവ് സമീർ പ്രതിമാസം 7000/-രൂപ നൽകുകയും വേണം. 2012 സെപ്‌തംബർ 2 നാണ് സകീനയെ അബ്ദുൽ സമീർ വിവാഹം ചെയ്തത്. വിവാഹ ശേഷം മൂന്നുവർഷത്തോളം ഇവർ ഒരുമിച്ച് താമസിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺ കുട്ടികളുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുന്നതിന് മുമ്പുതന്നെ സമീർ സകീനയെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. ഇതിന് ശേഷം ഭർത്താവോ വീട്ടുകാരോ സകീനയെ തിരിഞ്ഞുനോക്കുകയോ ചിലവിന് നൽകുകയോ ചെയ്തില്ല. ഇതിനിടെ കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തിയെങ്കിലും സമീറിൻ്റെയും മാതാവ് നഫീസയുടെയും പിടിവാശികാരണം പരാജയപെട്ടു. തുടർന്നാണ് സകീന 2016 ൽ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പരാതിക്കാരിക്കുവേണ്ടി അഭിഭാഷകനായ അഡ്വ. പി.എ ഫൈസൽ കോടതിയിൽ ഹാജരായി.
