ഗായകന്‍ എം.കെ സുകുമാരന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഗായകന്‍ എം.കെ സുകുമാരന്‍ അന്തരിച്ചു

വടകര: മണിമുകിലേ.. മണിമുകിലേ…എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിയുടെ പ്രിയ ഗായകനായിമാറിയ എം.കെ സുകുമാരന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ചു വയസ്സായിരുന്നു. വടകരയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സിനിമാപാട്ടുകളെക്കാള്‍ തിളങ്ങിയത് ലളിതഗാനശാഖയിലാണ്. 22 ഗാനങ്ങള്‍ എച്ച്.എം.വി.യില്‍ റെക്കോഡ് ചെയ്ത് പുറത്തിറക്കി. 1938ല്‍ കണ്ണൂര്‍ തളാപ്പിലാണ് ജനനം. 1954-ലാണ് കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി പാടിയത്. 1956-ല്‍ എച്ച്.എം.വി. ആര്‍ട്ടിസ്റ്റായി. സുകുമാരന്റെ എച്ച്.എം.വി. റെക്കോഡുകള്‍ക്ക് കേരളത്തില്‍ അക്കാലത്ത് ആരാധകര്‍ ഏറെയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിരുന്നു.
സംഗീതനാടക അക്കാദമി, യു.എ.ഇ. ഫുജ്റ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, പാലക്കാട് സ്വരലയ, വടകര മ്യുസീഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയവയുടെ പുരസ്‌കാരം നേടി.

കുതിച്ചുപായും കരിമുകിലാകും(തളിരുകള്‍), നീലമലച്ചോലയിലേ നീരാടുമ്പോള്‍(ജന്മഭൂമി), പുലരിപ്പൊന്‍ താലവുമേന്തി (തളിരുകള്‍) എന്നിവയാണ് മറ്റുമികച്ച ഗാനങ്ങള്‍. പിന്നീട് അഞ്ച് ചിത്രങ്ങളില്‍ കൂടി പാടിയെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ല. ഗാനമേള കൊണ്ട് മാത്രം ജീവിതം കരുപ്പിടിക്കാനാകില്ല എന്ന തിരിച്ചറിവില്‍ സൗദിയില്‍ ദമാമിലേക്ക് പ്രവാസിയായി കുടിയേറി. 1990ല്‍ ശബ്ദനാളിക്ക് അസുഖം ബാധിച്ചതിനാല്‍ കുറേക്കാലം പാടിയില്ല. 1999-ല്‍ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് ശബ്ദം തിരിച്ചുകിട്ടിയത്.
ഭാര്യ: സുധ ബേബി. ശവസംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പതിയാരക്കരയിലെ വീട്ടുവളപ്പില്‍.

0Shares