റിയാദ്: സംഗീത നിശയ്ക്കിടെ ഗായകനെ സ്റ്റേജില്‍ കയറി ആലിംഗനം ചെയ്ത് ചുംബിച്ച സൗദി യുവതിക്ക് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. മക്ക ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലായ് 13ന് തായിഫ് സൂഖ് ഉക്കാദ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സംഗീത മേളയിലാണ് സംഭവം. ഗാനമാലപിച്ചുകൊണ്ടിരുന്ന മാജിദ് അല്‍ മുഹന്ദിസിനെ ആരാധന മൂത്ത യുവതി വേദിയിലേക്ക് ചാടിക്കയറി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി ബലം പ്രയോഗിച്ച് യുവതിയെ പിന്തിരിപ്പിച്ചു. അന്നുതന്നെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
പീഡന വിരുദ്ധനിയമം അനുസരിച്ചാണ് യുവതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണ തടവുകാരിയായി നാലുമാസം തായിഫിലെ നിതാ കേന്ദ്രത്തില്‍ കഴിഞ്ഞ സാഹചര്യത്തില്‍ യുവതി എട്ട് മാസം തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ സംസ്‌കാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായാണ് യുവതി പെരുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലും കോടതിയിലും യുവതി കുറ്റം ഏറ്റുപറഞ്ഞിരുന്നു.