ഗസല്‍ സംഗീതത്തെ ജനകീയമാക്കിയ ഗായകന്‍ ഉമ്പായി യാത്രയായി

  • Post category:news
  • Reading time:1 min read
You are currently viewing ഗസല്‍ സംഗീതത്തെ ജനകീയമാക്കിയ ഗായകന്‍ ഉമ്പായി യാത്രയായി

കൊച്ചി: മലയാളത്തിന്റെ ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെയാണ് അന്ത്യം. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച്.മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തബല പഠിക്കണമെന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് പോയി. മുംബെയില്‍ ഉസ്താദ് മുജാ വര്‍ അലിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത് മുജാവര്‍ അലിയാണ്. ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും അദ്ദേഹമായിരുന്നു. ജീവിക്കാനായി അദ്ദേഹം എല്ലാ ജോലികളും ചെയ്തു. ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി. പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി.

ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി, സച്ചിതാനന്ദന്‍, യൂസഫലി കേച്ചേരി, പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി. ഗസല്‍ ഈണം ഇഴുകി ചേര്‍ന്ന ആ കവിതകള്‍ ഹിറ്റായി. ഇതോടെ കേരളത്തിലെല്ലാം ഉമ്പായിക്ക് ആരാധകരുണ്ടായി. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു.
ഭാര്യ: ഹബീബ, മക്കള്‍.ഷൈലജ, സബിത, സമീര്‍

0Shares