ഖാസി വധക്കേസില്‍ സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ അന്വേഷണം എന്‍.ഐ.എക്ക് കൈമാറണം: പി.ഡി.പി

  • Post category:news
  • Reading time:2 mins read
You are currently viewing ഖാസി വധക്കേസില്‍ സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ അന്വേഷണം എന്‍.ഐ.എക്ക് കൈമാറണം: പി.ഡി.പി

കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റും ചെമ്പരിക്ക കീഴൂര്‍ മംഗലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഇരുട്ടില്‍ത്തപ്പുകയാണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ അന്വേഷണം എന്‍.ഐ.എ ക്ക് കൈമാറണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പല നിര്‍ണായക തെളിവുകള്‍ ശേഖരിച്ച പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ കഴിഞ്ഞ ദിവസം തെളിവുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഖാസിയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതനഷ്ടപ്പെട്ടിരിക്കുകയാണെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബഷീര്‍ അഹ്മദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഖാസിയുടെ കൊലപാതകമാണെന്ന് പറഞ്ഞ ഖാസിയുടെ കുടുംബത്തിന്റെ ആരോപണം ഈ വിഷയത്തില്‍ മംഗലാപുരം ത്വാഖാ അഹ്മദ് മൗലവിയുടെ വിശദീകരണം പി.ഡി.പി ശക്തമായി ഖാസി സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.


ഖാസിയുടെ ഘാതകരെപ്പറ്റിയുള്ള തെളിവുകള്‍ ശേഖരിച്ചുവരികയായിരുന്ന പി.ഡി.പി നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ പാര്‍ട്ടി ശക്തമായ സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു ചെയ്തത്. ഖാസിയുടെ കൊലപാതകത്തിനു പിന്നിലുള്ള ശക്തികളെ കണ്ടെത്താന്‍ എന്‍.ഐ.എ അന്വേഷണം നടത്താനുള്ള പ്രഖ്യാപനം അധികൃതരുടെ ഭാഗത്തുനിന്നും വൈകാതെ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ, പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് തങ്ങളും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ആബിദ് മഞ്ഞംപാറയും സഞ്ചരിച്ച വാഹനത്തെ യാത്രക്കിടയില്‍ തടഞ്ഞു നിറുത്തി അപകടപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ച അജ്ഞാത സംഘത്തെ ഉടനെ പിടികൂടി അവര്‍ക്കെതിരെ വധശ്രമത്തിന്ന് കേസെടുക്കണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്പരിക്ക അബ്ദുള്ള മൗലവിയുടെ ഘാതകരെ കണ്ടെത്തുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി നടത്തുന്ന സമരങ്ങളെ ഭയക്കുന്നവര്‍ പി.ഡി.പി നേതാകളെ അപായപ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നും യോഗം ആരോപിച്ചു. ഖാസിയുടെ ഘാതകരെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിച്ചു വരുന്ന ഫാറൂക്ക് തങ്ങളെയും ആബിദ് മഞ്ഞംപാറയെയും അപായപ്പെടുത്താന്‍ ശ്രമം നടത്തിയതിന്റെ പിന്നില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് പങ്കുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് മുട്ടുംന്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ റഹ്മാന്‍ പുത്തിഗെ, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് സഖാഫ് തങ്ങള്‍, ജില്ലാ ഉപാധ്യക്ഷന്‍ ഹനീഫ പോസോട്ട്, പി.സി.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ആരിക്കാടി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാഫി കളനാട് തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചു.അബ്ദുള്ള കുഞ്ഞി സ്വാഗതവും ഉബൈദ് മുട്ടുംന്തല നന്ദിയും പറഞ്ഞു.

 

0Shares