
വിദ്യാഭ്യാസ മേഖലയിൽ,ഹയർസെക്കൻററിയെ തകർക്കുന്ന നടപടികൾക്കെതിരെയും,ജനങ്ങളുടെ എതിർപ്പും,ഹൈകോടതി സ്‌റ്റേയും ഉണ്ടായിട്ടും ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ധൃതി പിടിച്ചുള്ള നീക്കത്തിനെതിരെയും എയ്ഡഡ് ഹയർസെക്കൻററി ടീച്ചേർസ് അസോസിയേഷൻ (എ. എച്ച്.എസ്.ടി.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധം നടത്തി.

അധ്യാപക ദിനത്തിൽ വൈകുന്നേരം 4 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന സായാഹ്ന പ്രതിഷേത്തിൽ ജില്ലയിലെ 60 ഓളം ഹയർസെക്കൻററി അധ്യാപകർ പങ്കെടുത്തു.
സർക്കാരിന്‍റെ ഹയർസെക്കൻററി വിരുദ്ധ നിലപാടുകൾക്കെതിരെയാണ് ഹയർസെക്കൻററി അധ്യാപകരുടെ ഈ പ്രതിഷേധ കൂട്ടായ്മ നടന്നത്. പ്രശസ്ത ചിത്രകല അധ്യാപകരായ കെ. പി വിജയകുമാരൻ (ചട്ടഞ്ചാൽ സ്‌കൂൾ),എം. ജി ഹരീഷ്ചന്ദ്ര (ചന്ദ്രഗിരി സ്‌കൂൾ ) എന്നിവരുടെ സഹകരണത്തോടെ പ്രതിഷേധങ്ങൾ അധ്യാപകർ ക്യാൻവാസിൽ രേഖപെടുത്തി.
എ. എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡൻറ് വി .പി പ്രിൻസ് മോൻ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും എ. എച്ച്.എസ്.ടി.എ മുൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ പി. രതീഷ് കുമാർ(ചട്ടഞ്ചാൽ എച്ച്. എസ്. എസ്) പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.എ. എച്ച്.എസ്.ടി.എ സ്റ്റേറ്റ് സെക്രട്ടറി ജിജി തോമസ് മുഖ്യ പ്രഭാഷണത്തിലൂടെ ഹയർസെക്കൻററി മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ജനമധ്യത്തിൽ അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി വി. എൻ പ്രസാദ് സ്വാഗതവും ട്രഷറർ കെ. പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.
