കാസര്‍കോട്: കൗമാരകലയുടെ മാമാങ്കത്തിന് ചന്ദ്രഗിരിക്കരയില്‍ തിരിതെളിഞ്ഞു. ഇനി നാലുരാവും നാലുപകലും ചെമ്മനാട്ട് കലയുടെ ഉത്സവം. 58-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ലോല്‍സവം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 13 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നുവരുന്നത്. പ്രധാന വേദിയില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, യു.പി വിഭാഗം ദേശഭക്തിഗാനം, മാര്‍ഗംകളി, പരിച മുട്ടുകളി, ചവിട്ടുനാടകം എന്നിവയാണ് നടന്നത്.
രണ്ടാം വേദിയില്‍ വയലിന്‍, ഓറിയന്റല്‍, ഗിത്താര്‍ എന്നിവ നടന്നു. മറ്റു വേദികളില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, പദ്യം ചൊല്ലല്‍, അക്ഷര ശ്ലോകം, കഥാകഥനം, പഥകം, മോണോ ആക്ട്, മിമിക്രി, ഓട്ടംതുള്ളല്‍, ഖുര്‍ആന്‍ പാരായണം, ഗദ്യ വായന, മുഷ്റഹ്, അറബിക് മോണോ ആക്ട്, അറബിക് ചിത്രീകരണം, ഇംഗ്ലീഷ് കിറ്റ്, കന്നഡ പ്രസംഗം, പദ്യം ചൊല്ലല്‍, അക്ഷരശ്ലോകം, കാവ്യ കേളി, പൂരം കളി, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളും പൂര്‍ത്തിയായി.
ഉച്ചയ്ക്ക് രണ്ടിന് ജില്ലക്കാരനായ റവന്യൂമന്ത്രി ഇ ചന്ദ്രശഖരന്‍ കലോല്‍സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കലോല്‍സവങ്ങളില്‍ മല്‍സരങ്ങള്‍ പരിധിവിട്ട് രക്ഷിതാക്കള്‍ തമ്മിലുള്ള മല്‍സരമായതിനാലാണ് ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നതെന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ സൗകര്യമുള്ള രീതിയില്‍ പുതിയരൂപത്തില്‍ കലോല്‍സവത്തെ ചിട്ടപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാനും എം.എല്‍.എയുമായ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ലോഗോ രൂപപ്പെടുത്തിയയാള്‍ക്കും സ്വാഗതഗാനം രചയിതാവിനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും ഉപഹാരം സമ്മാനിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി സംബന്ധിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ. ഗീരീഷ് ചോലയില്‍ സ്വാഗത പ്രഭാഷണം നടത്തി.
കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ചന്ദ്രഗിരിക്കരയില്‍ കൊടി ഉയര്‍ന്നു; ഇനിനാലു ദിനങ്ങള്‍ കാസര്‍കോടിന് ഉല്‍സവം