ക്ഷേത്രങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചറിയാന്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ക്ഷേത്രങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചറിയാന്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

കാസര്‍കോട്: നവീകരണ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുന്ന കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പ്രസിഡന്റ് ഒ.കെ.വാസു നേതൃത്വത്തില്‍ ബോര്‍ഡ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊട്ടറ വാസുദേവ്, ബോര്‍ഡ് അംഗങ്ങളായ കെ. സുബ്രഹ്മണ്യന്‍, എം. കേശവന്‍, വിമല ടീച്ചര്‍, കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷന്‍ വൃന്ദ, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ ഉമേശ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാബു മധൂര്‍ എന്നിവരും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികള്‍ ക്ഷേത്ര ഭാരവാഹികളുമായി ചേര്‍ന്ന് സംഘം അവലോകനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്റ് എസ്.ജെ. പ്രസാദ്, ട്രസ്റ്റി അംഗം ഈശ്വരഭട്ട്, നവീകരണ പുനര്‍നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ് ഡോ: അനന്ത കാമത്ത്, വര്‍ക്കിംഗ് പ്രസിഡന്റ് രാമപ്രസാദ്, സെക്രട്ടറി അഡ്വ: പി. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വംബോര്‍ഡ് അംഗങ്ങളെ സ്വീകരിച്ചു.തിങ്കളാഴ്ച രാവിലെയാണ് ബോര്‍ഡ് നേതൃത്വം ജില്ലയില്‍ എത്തിയത്. മധൂര്‍ സിദ്ധിവിനായക മദനന്തേശ്വര ക്ഷേത്രം, അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം, കുമ്പള കണിപുര ഗോപാലകൃഷ്ണക്ഷേത്രം, ഉറുമി ക്ഷേത്രം, എടനീര്‍ മഠം, പാലക്കുന്ന് ഭഗവതിക്ഷേത്രം, കീഴൂര്‍ ചന്ദ്രഗിരി ശാസ്താക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ചൊവ്വാഴ്ച വൈകിട്ട് നീലേശ്വരം മന്നംപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെ ശിലാസ്ഥാപനവും ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു നിര്‍വ്വഹിച്ചു. ജില്ലയിലെ ക്ഷേത്രങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും പ്രശ്‌നപരിഹാരത്തിനുമായാണ് സംഘം ജില്ലയിലെ ക്ഷേത്രങ്ങളില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയത്.

0Shares