
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം ഇയാന്‍ ഹ്യൂം. ഒരു മത്സരത്തിന് വേണ്ടി ഫുട്ബാള്‍ മൈതാനം നശിപ്പിക്കുന്നതെന്തിനാണെന്ന് ഹ്യൂം ചോദിക്കുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മത്സരത്തിന്റെ വേദിയാക്കുന്നതിനോട് യോജിപ്പില്ലെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ഹ്യൂം പറഞ്ഞു. ഹ്യൂമിന് പുറമെ മലയാളി താരങ്ങളായ റിനോ ആന്റോയും സി.കെ വിനീതും എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

”ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ഞാന്‍ ഇവിടെയുണ്ട്. ഐ.എസ്.എല്‍ തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ജവഹര്‍ലാല്‍ നെഹ്റു മൈതാനം ഫുട്ബാളിന് യോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സീസണിന്റെ തുടക്കത്തില്‍ സ്റ്റേഡിയത്തിന് നല്ല പുരോഗതിയുണ്ടായെങ്കിലും ഒരു അന്താരാഷ്ട്ര മത്സരം നടത്താനുള്ള മികവ് ഉണ്ടായിരുന്നില്ലെന്നും” ഹ്യൂം പറഞ്ഞു.
കൊല്‍കത്തയിലെ വിഖ്യാത ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ ഫുട്ബാളിനായി വിട്ടു നല്‍കുമോ? കലൂര്‍ മൈതാനം ഫുട്ബാളിന് മാത്രമായി വിട്ടു കൊടുക്കണമെന്നും ഹ്യൂം ആവശ്യപ്പെടുന്നു. ”ഇപ്പോള്‍ നാലാം സീസണിനും അണ്ടര്‍ 19 ഫിഫ ലോകകപ്പിനും വേണ്ടി മൈതാനം കൂടുതല്‍ മികവിലേക്കെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് വേണ്ടി, വീണ്ടും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കിളച്ച് മറിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും” ഹ്യൂം പ്രതികരിച്ചു. ”ക്രിക്കറ്റിനോട് നിങ്ങള്‍ക്കുള്ള താല്‍പര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഒരു ക്രിക്കറ്റ് മൈതാനം ഉള്ളപ്പോള്‍ ഒരേയൊരു മത്സരത്തിന് വേണ്ടി ഗ്രൗണ്ട് നശിപ്പിക്കരുതെന്നും” ഹ്യൂം അപേക്ഷിച്ചു.
