കാസർകോട്: കോൺഗ്രസ് അദ്ധ്യാപക സംഘടന നേതാവ് ആലംതട്ടയിലെ പി.ടി.രമേശൻ മാസ്റ്റർ കൊല കേസ് അട്ടിമറിക്കാൻ കോൺഗ്രസ്സും സി.പി.എമ്മും നീക്കം നടത്തുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതാവ് രമേശൻ മാസ്റ്റരുടെ കൊലപാതക കേസിലെ പ്രധാന പ്രതിയായ സൈനികൻ അഭിജിത്തിനെ പോലീസ് സംരക്ഷിക്കുകയാണ്. സി.പി.ഐ (എം) ഉന്നത നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങിട്ടാണ് പോലീസ് ഈ കൊല കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന് അഡ്വ.കെ.ശ്രീകാന്ത് കുറ്റപ്പെടുത്തി. സ്വന്തം അദ്ധ്യാപക സംഘടനയുടെ നേതാവിൻ്റെ കൊല നടന്നിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും പ്രമുഖ പ്രതിയെ പോലീസ് പിടികൂടാത്തതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാവത്തത് ദുരൂഹമാണ്. സി.പി.എമ്മിൻ്റെ പാർട്ടി ഗ്രാമത്തിൽ കോൺഗ്രസ്സുകാരനായി തലയുയർത്തി പ്രവർത്തിച്ചിരുന്ന രമേശൻ മാസ്റ്ററുടെ കുടുംബത്തിനു നീതി ലഭ്യമാക്കാൻ കോൺഗ്രസ് ശ്രമിക്കാത്തത് അവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്ന് ബി.ജെ.പി. ആരോപിച്ചു.
രമേശൻ മാസ്റ്ററുടെ കൊലപാതകത്തിൽ അഭിജിത്തിൻ്റെ പങ്ക് അന്വേഷണത്തിൽ വ്യക്തമായിട്ടും പോലീസ് പ്രതിയെ പിടികൂടാതെ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിക്കാൻ പോലീസ് അവസരം നൽകിയിരിക്കുകയാണെന്ന് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നതിൻ്റെ മറവിലാണ് ഇപ്പോൾ നടപടി സ്വീകരിക്കാതിരിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിചിത്രമായ വിശദീകരണം. പിടിയിലായ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചതു കൊണ്ടാണ്. മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേർന്ന രമേശൻ മാസ്റ്ററുടെ കുടുംബത്തെ പക്ഷെ റിമാന്റിലായ പ്രതികളുടെ ജാമ്യ ഹർജിയിൽ കക്ഷി ചേർക്കാതെ പോയി. അതിൻ്റെ ഫലമായി അറസ്റ്റിലായ അവർക്ക് വേഗം ജാമ്യം ലഭിക്കുകയും ചെയ്തു. ജില്ലയിലെ തന്നെ പ്രമുഖരായ കോൺഗ്രസ്സ് നേതാക്കളാണ് ഇതിൻ്റെ പിന്നിൽ കളിച്ചത്. രമേശൻ മാസ്റ്ററുടെ കുടുംബത്തെ കോൺഗ്രസ്സ് നേതാക്കൾ പിന്നിൽ നിന്നു കുത്തി വഞ്ചിചിരിക്കുകയണെന്ന് ബി.ജെ.പി. ആരോപിച്ചു. രമേശൻ മാസ്റ്ററുടെ കൊല കേസിലെ പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ബി.ജെ.പി. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.ശ്രീകാന്ത് അറിയിച്ചു.
കോൺഗ്രസ് അദ്ധ്യാപക സംഘടന നേതാവ് പി.ടി.രമേശൻ മാസ്റ്റർ കൊലകേസ് അട്ടിമറിക്കാൻ കോൺഗ്രസ് – സി.പി.എം ശ്രമം: അഡ്വ. കെ.ശ്രീകാന്ത്