
തിരുവനന്തപുരം/ കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ച മുൻ എം.പിയും എം.എൽ.എയുമായ എ.പി.അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽനിന്നു പുറത്താക്കി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താൽപര്യങ്ങള്ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്നതാണ് നടപടിക്കു കാരണമെന്ന് കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അബ്ദുല്ല കുട്ടിയെ കോൺഗ്രസ് പുറത്താക്കിയ സംഭവത്തോടെ ബി.ജെ.പി യുമായി കൂടുതൽ അടുക്കാൻ വഴിയൊരുക്കും എന്നാണ് പൊതു വിലയിരുത്തൽ. എ.പി.അബ്ദുല്ലക്കുട്ടിയെ ബി.ജെ.പിയിൽ ചേരാനായി ആരെങ്കിലും സമീപിച്ചോ എന്നറിയില്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള ഇതിന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി ഇതുവരെ ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. അബ്ദുല്ലക്കുട്ടിയുടെ നിലപാട് പ്രോൽസാഹനം അർഹിക്കുന്നതാണ് ഇതേ നിലപാടുള്ളവർ കോൺഗ്രസിലും സി.പി.എമ്മിലും ധരാളം ഉള്ളതായും ശ്രീധരൻ പിള്ള പറഞ്ഞു. അബ്ദുല്ല കുട്ടി ബിജെപി നേതൃത്വവുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ഉണ്ടായ മാധ്യമ വാർത്തയും തുടർന്ന് കോൺഗ്രസ് കൈകൊണ്ട നടപടിയും അബ്ദുല്ല കുട്ടിയെ ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിക്കും.
