
പീതാംബരൻ കുറ്റിക്കോൽ
ബേഡകം: സർക്കാർ ആശുപത്രികൾ പോലും സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് വഴി നടപ്പിലാകുന്നതെന്ന് മന്ത്രി കെ. കെ ശൈലജ . സി. പി. ഐ. എം ബേഡകം ഏരിയ സമ്മേളന സമാപന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളുടെ സ്ഥലം സ്വകാര്യ ആശുപത്രികൾക്ക് കൈമാറാൻ പറ്റുമോയെന്ന് ചോദിച്ചു കേന്ദ്രസർക്കാർ കത്ത് നൽകി. കേരളത്തിൽ ഇത് നടപ്പാക്കാനാകില്ലെന്ന് നമ്മൾ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാന സർക്കാരുകളുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ വ്യാപകമായ സ്വകാര്യവത്കരണമാണ് കേന്ദ്രത്തിലെ മോദി സർക്കാർ നടത്തുന്നത്. നോട്ടു നിരോധനം ജി. എസ്. ടി തുടങ്ങിയ കാര്യങ്ങൾ കൊണ്ടുവന്നപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഒരു കാര്യവും നടപ്പാക്കാനായില്ല.
ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കിയതോടെ സാർവത്രിക റേഷനിങ് സമ്പ്രദായം തന്നെ അട്ടിമറിക്കപെട്ടു. കോൺഗ്രസിന്റെ തുടർച്ചയാണ് ഇത്തരം പിൻതിരിപ്പൻ നയങ്ങളെല്ലാം ബി.ജെ.പി നടപ്പാക്കുന്നത്. ബി.ജെ.പി സർക്കാർ മതേതരത്വത്തിനായല്ല; മറിച്ച് അസഹിഷ്ണുക്കളായ മതവർഗീയ വാദികൾക്കായാണ് നിലകൊള്ളുന്നത്. മന്ത്രി പറഞ്ഞു.

ബേഡകം ഏരിയ സെക്രെട്ടറിയായി സി. ബാലനെ സമ്മേളനം തിരഞ്ഞെടുത്തു. 19അംഗ ഏരിയ കമ്മിറ്റിയെയും 19 ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ബേഡകം കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക് ആശുപത്രിയാക്കണമെന്ന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുറ്റിക്കോൽ, ബേഡകം പഞ്ചായത്തുകൾക്ക് ഏക ആശ്രയമായ ബേഡകം സി. എച്. സി യെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച് താലൂക്ക് ആശുപത്രിയായി അപ്പ് ഗ്രേഡ് ചെയ്യണം. ബന്തടുക്ക പി. എച്. സി 10 ബെഡ് വാർഡ് സൗകര്യത്തോടെ വികസിപ്പിക്കുക, തെക്കിൽ- അലട്ടി റോഡ് നവീകരണം ഉടൻ പൂർത്തിയാക്കുക, ബേഡകത്തെ നിർദിഷ്ട 110കെ. വി സബ് സ്റ്റഷൻ യാഥാർഥ്യമാകുക, കുറ്റിക്കോൽ, ബേഡകം പഞ്ചായത്തിൽ നാളികേര- റബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുക, ഐ. ടി -ഐ. ടി അനുബന്ധ വ്യവസായബഗൽ സ്ഥാപിക്കുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക, വന്യമൃഗശല്യം തടയുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
മലയോരത്തെ ചെങ്കടലാക്കിയ അത്യുജ്വല പ്രകടനത്തോടും ചുവപ്പു വളണ്ടിയർ മാർച്ചോടും കൂടിയാണ് സമ്മേളനം സമാപിച്ചത്. ബന്തടുക്ക, ശങ്കരംപാടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിടപറഞ്ഞവർ സി.പി.എമ്മിൽ ചേർന്നു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
