
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. നൂറാംതോടിന് സമീപം പാലക്കല്‍ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍ ആണ് മരിച്ചത്.
മൂന്നുപേര്‍ കൂടിയാണ് മദ്യം കഴിച്ചത്. നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാരായണനും, ഗോപാലനും, കൊളമ്പനും ചേര്‍ന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് വിവരം. മദ്യപിച്ച ശേഷം ഇവര്‍ മൂന്ന് വഴിക്ക് പിരിഞ്ഞു. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ ആളുകള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
