
കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ച പനി എച്ച്.വണ്‍.എന്‍.വണ്‍ ആണെന്ന് സ്ഥിരീകരണം. കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ 210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേര് ചികിത്സ തേടിയതായാണ് കണക്ക്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്.വണ്‍.എന്‍.വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.

പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അഡീഷണല്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയ സംഘം നാളെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു.
ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്കൂളിലെ 163 കുട്ടികളും 13 അധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്. തൊട്ടടുത്ത ഗവ. എല്‍. പി സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പനി പടര്‍ന്നിട്ടുണ്ട്. ഇതോടെ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി സ്കൂളിന് നേരത്തെ തന്നെ വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.
