കോഴിക്കറി വക്കാന്‍ വറുത്തരച്ച തേങ്ങയുണ്ടാക്കി സമയം കളയണ്ട; മറിയുമ്മയുടെ തേങ്ങാപേസ്റ്റ് ഗള്‍ഫിലും സൂപ്പര്‍ ഹിറ്റാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കറി വക്കാന്‍ വറുത്തരച്ച തേങ്ങയുണ്ടാക്കി സമയം കളയണ്ട; മറിയുമ്മയുടെ തേങ്ങാപേസ്റ്റ് ഗള്‍ഫിലും സൂപ്പര്‍ ഹിറ്റാകുന്നു

കാസര്‍കോട്: വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു വീട്ടമ്മ തയാറാക്കിയ ഉല്‍പന്നം ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു. ഉപ്പള മണ്ണങ്കുഴിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ ഹുദ തേങ്ങ പേസ്റ്റാണ് രുചി രംഗത്തെ പുതിയ താരം. ഒരു ഗ്രൈന്‍ഡറില്‍ അരച്ച് ഏഴുവര്‍ഷം മുമ്പാരംഭിച്ചതാണ് ഈസംരഭം. ഇന്ന് കാസര്‍കോടിനും മംഗളുരുവിനും മാത്രമല്ല ഗള്‍ഫ് നാടുകളിലും മറുയുമ്മയുടെ കൈപുണ്യം വിപണി കയ്യടക്കിക്കഴിഞ്ഞു. വെറുടെ വീട്ടിലിരുന്ന് സമയം കളയുന്ന സ്ത്രീകള്‍ക്ക് ഒരു മാതൃകയാണിവര്‍. കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ നടന്ന സംരഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികളുമായി ബിസിനസ് രംഗത്തെ അനുഭവങ്ങള്‍ പങ്കുവക്കാനെത്തിയതായിരുന്നു മറിയുമ്മ.സാധാരണ മുസ്‌ലിം സമുദായ വീടുകളില്‍ വറുത്തരച്ച തേങ്ങ ഉപയോഗിച്ചാണ് ഇറച്ചിക്കറി തയാറാക്കുന്നത്. ഇതിന്റെ വിപണിയിലെ സാധ്യത മനസിലാക്കിയാണ് മറിയുമ്മ വറുത്തരച്ച തേങ്ങയെ പേസ്റ്റ് രൂപത്തിലാക്കി വിപണിയിലെത്തിക്കാന്‍ കഴിയുമോയെന്ന് ചിന്തിച്ചത്. പിന്നീട് ശ്രമം തുടരുകയും വിജയംവരിക്കുകയും ചെയ്തു. ഒരു വര്‍ഷം വരെ ഇതു സൂക്ഷിച്ചുവക്കാമെന്ന് അവര്‍ അവകാശപ്പെടുന്നു. കിലോയ്ക്ക് 250 രൂപയാണ് പേസ്റ്റിന്റെ വില. ഇന്നു മറിയുമ്മയുടെ കീഴില്‍ ഒമ്പതോളം ജോലിക്കാരുമായി മറിയുമ്മ സ്വന്തമായി മില്ലും നിര്‍മാണയൂണിറ്റും തുടങ്ങിയിട്ടുണ്ട്. നെയ്പത്തരിപൊടി, അരിപത്തിരി പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി തുടങ്ങി 12 ഓളം ഉല്‍പന്നങ്ങള്‍ ഇവര്‍ ഒപ്പം നിര്‍മിക്കുന്നുണ്ട്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, തേങ്ങാപാല്‍ എന്നിവയ്ക്കും ഇവ ഉപയോഗിച്ച് പ്രസവാനന്തരം സ്ത്രീകള്‍ക്കു നല്‍കുന്ന ലേഹ്യത്തിനും ആവശ്യക്കാരേറെയാണ്.വിവാഹസത്കാര ആവശ്യങ്ങള്‍ക്ക് 50 കിലോയോടെയും നൂറുകിലോയുടെയും തേങ്ങാപേസ്റ്റിന്റെയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഓര്‍ഡറുകള്‍ കൂടുതലുള്ളപ്പോള്‍ രാവിലെ ഏഴിനു തുടങ്ങുന്ന ജോലി ചിലപ്പോള്‍ പുലര്‍ച്ചെ രണ്ടുവരെ നീണ്ടുനില്‍ക്കാരാണ് പതിവ്. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാമെന്ന ഉറച്ച വിശ്വാസമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്നും നാടിന്റെ തനത് രുചി ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.

 

0Shares