
കൊച്ചി: കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരേ ഹൈക്കോടതി. ഇത്തരം നടപടി മൗലികാവകാശ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഈ നിയന്ത്രണം ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേയുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ബി.എ. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ ഫഹീമ ഷിറിനാണ് ഹര്‍ജി നല്‍കിയത്.

മൊബൈല്‍ ഫോണ്‍ നിയന്ത്രണം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഫഹീമയെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതു കോടതി റദ്ദാക്കി. ഫഹീമയെ ഉടന്‍ തിരിച്ചെടുക്കാനും നിര്‍ദ്ദേശിച്ചു. കോളേജിലെ വനിതാ ഹോസ്റ്റലില്‍ വൈകീട്ട് ആറു മുതല്‍ പത്തുവരെയാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ല. പെണ്‍കുട്ടികള്‍ക്ക് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ലിംഗ വിവേചനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ സുരക്ഷയുടെ പേരിലുള്ള ഇത്തരം വിവേചനം പാടില്ലെന്ന് യു.ജിസി. വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
മൊബൈല്‍ ഇന്റര്‍നെറ്റ് വഴിയും അറിവു സമ്പാദനം സാധ്യമാകും. ഇതും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള നിയന്ത്രണം മതിയാകുമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
