കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മള്‍ട്ടി മീഡിയ മലയാളം പ്രശ്‌നോത്തരി ആവേശമായി

  • Post category:news
  • Reading time:1 min read
You are currently viewing കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി  സംഘടിപ്പിച്ച മള്‍ട്ടി മീഡിയ മലയാളം പ്രശ്‌നോത്തരി ആവേശമായി

കാസര്‍കോട്: മലയാള ദിനാഘോഷത്തിന്‍റെയും ഭരണഭാഷ വാരാഘോഷത്തിന്‍റെയും ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മള്‍ട്ടി മീഡിയ മലയാളം പ്രശ്‌നോത്തരി ആവേശമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ത്രിവേണി കോളേജില്‍ നടത്തിയ പ്രശ്‌നോത്തരി ദേശീയ തലത്തില്‍ പ്രശ്‌നോത്തരി മത്സരങ്ങള്‍ നിയന്ത്രിച്ച് പേരെടുത്ത, ജില്ലാ കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് അരീക്കോട് നിയന്ത്രിച്ചു.

ജില്ലയിലെ ആറ് കലാലയങ്ങളില്‍ നിന്നായി എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഏഴ് റൗണ്ടുകളിലായാണ് മത്സരം നടത്തിയത്. മലയാള സാഹിത്യം, സാഹിത്യ പ്രതിഭകള്‍, സാഹിത്യ കൃതികള്‍, കഥാപാത്രങ്ങള്‍, കവിതാ റൗണ്ട്, കഥാ സന്ദര്‍ഭം എന്നിങ്ങനെയായിരുന്നു മത്സരം നടന്നത്. വാശിയേറിയ മത്സരത്തില്‍ ചട്ടഞ്ചാല്‍ എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ടി. അജേഷ് ഒന്നാംസ്ഥാനവും കാസര്‍കോട് ത്രിവേണി കോളേജിലെ കെ. റീന, എം. വിശ്വനാഥ ടീം രണ്ടാംസ്ഥാനവും മുന്നാട് ധിഷണ കോളേജിലെ വിജേഷ്, മിഥുന്‍ കുമാര്‍ ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.


ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരായ മാക്‌സ്‌വെല്‍ മന്നാഡെ, എം. വിജയകൃഷ്ണ, വി. ബാലചന്ദ്രന്‍, കെ. നിധീഷ് എന്നിവരാണ് മത്സരത്തിന് സാങ്കേതിക സഹായമൊരുക്കിയത്. യുവാക്കളില്‍നിന്ന് വായന അകലുകയാണെന്നും പത്രവും ആനുകാലികങ്ങളും സാഹിത്യ പുസ്തകങ്ങളും മാത്രമല്ല, പാഠപുസ്തകങ്ങള്‍ പോലും ആരും വായിക്കുന്നില്ലെന്നും മത്സരത്തിന് മുന്നോടിയായി നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ച ത്രിവേണി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വി. ഗോപിനാഥ് പറഞ്ഞു.

വായിക്കേണ്ടവ വായിക്കാതെ അനാവശ്യമായ മറ്റ് പല വായനകളിലേക്കും ആണ് യുവത്വത്തിന്‍റെ ശ്രദ്ധ പതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്രിവേണി കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ നമ്പ്യാര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്അസിസ്റ്റന്റ് എഡിറ്റര്‍ പി. റഷീദ് ബാബു നന്ദിയും പറഞ്ഞു.

0Shares