
ചെന്നൈ: കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാകേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബി.ജെ.പി പ്രാദേശിക നേതാവായ നന്ദകുമാറും മറ്റു മൂന്നുപേരുമാണ് അറസ്റ്റിലായത്. ന്യൂ ലൈഫ് പ്രൊഫറ്റിക് ചാരിറ്റബിള്‍ ട്രെസ്റ്റ് ആണ് പ്രാര്‍ത്ഥനാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. പ്രാര്‍ഥനാ കേന്ദ്രം നടത്തിപ്പുകാരനായ പാസ്റ്റര്‍ വിനോദ് കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. തുടര്‍ന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രാര്‍ഥനാ കേന്ദ്രം അടച്ചുപൂട്ടണമെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നതായും എന്നാല്‍ അധികൃതര്‍ പാര്‍ഥനാ പരിപാടികള്‍ തുടര്‍ന്നതായും ബി.ജെ.പി പ്രവര്‍ത്തകര്‍ അരോപിക്കുന്നു. എന്നാല്‍ ഇത് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ക്രിസ്മസിന് മുന്നോടിയായുള്ള ആരാധനയാണ് നടന്നത്

പ്രാര്‍ത്ഥനാ പരിപാടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം പ്രാര്‍ഥനാ കേന്ദ്രം അടിച്ചുതകര്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ചാണ് അതിക്രമം നടത്തിയതെന്നും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും കസേരകള്‍ എടുത്തെറിയുകയും ചെയ്തതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും സംഭവത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ആരോപണമുയര്‍ന്നിരുന്നു.
