
ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി മുബീനിനെ അന്വേഷണവിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റെ് ചെയ്തു. എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എം അക്ബര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് മുബീനിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പിന്നീട് വൈദ്യ പരിശോധനക്ക് ശേഷം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്ന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചാവക്കാട് നാലാംകല്ല് സ്വദേശിയാണ് മുബീന്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പകയാണ് കൊലയ്ക്കുള്ള കാരണമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. നൗഷാദിന്‍റെ സ്വാധീനത്താല്‍ എസ്.ഡി.പി.ഐയില്‍ നിന്ന് നിരവധിപ്പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതും നൗഷാദിനോടുള്ള പക കൂടാന്‍ ഇടയാക്കിയെന്നാണ് സൂചന.

നിരവധി കേസുകളില്‍ പ്രതിയായ മുബീന്‍ നൗഷാദിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ചാവക്കാട്ടെ എസ്.ഡി.പി.ഐയുടെ പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊല നടന്നതെന്നും മുബീന്‍ പോലീസിനു മൊഴി നല്‍കി. മുന്‍പും നൗഷാദിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നെന്നും മുബീന്‍ പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും മുബീന്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.ജൂലൈ 30-നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെട്ടിരുന്നു.
