കോണ്‍ഗ്രസ് നേതാവ് ജി.രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ബി.ജെ.പി.യില്‍

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് നേതാവ് ജി.രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ബി.ജെ.പി.യില്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീളാദേവി, ജെ.ഡി.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍, മലങ്കരസഭയില്‍നിന്നുള്ള തോമസ് ജോണ്‍ എന്നിവരാണ് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ശനിയാഴ്ച രാത്രി തിരുവനന്തപുരം ഹോട്ടല്‍ താജില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇവരെ അമിത് ഷാ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്. പിന്നീട് സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ളവരുമായി അമിത് ഷാ ചര്‍ച്ച നടത്തി.സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ, നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി. ശബരിമല വിഷയത്തില്‍ പന്തളം കുടുംബം അമിത് ഷായ്ക്ക് നിവേദനം നല്‍കി. ഇന്ന് രാവിലെ പത്തുമണിക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. ബി.ജെ.പി.യുടെ പരിപാടിയില്‍ പങ്കെടുത്തതിന് രാമന്‍നായരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗവുമായിരുന്ന രാമന്‍നായര്‍ ബി.ജെ.പിയിലേക്ക് ചുവടുമാറിയത്.

0Shares