കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദം ശക്തമായതോടെ ചെങ്കള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ സുഫൈജ അബൂബക്കര്‍ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷ പദവി രാജിവെച്ചു. മുന്നണി ധാരണപ്രകാരമാണ് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് കൈമാറാന്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജിവച്ചത്. കോണ്‍ഗ്രസിലെ ഷാനവാസ് പാദൂരിനു വേണ്ടിയാണ് സുഫൈജയുടെ രാജി. കോണ്‍ഗ്രസിനവകാശപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവി ഒന്നര വര്‍ഷമായി ലീഗിന്റെ കൈവശമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് സുഫൈജയെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ ജയിച്ചുവന്നുവെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒന്നര വര്‍ഷമായി കോണ്‍ഗ്രസിനു വിട്ടുകൊടുത്തിരുന്നില്ല. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പു തര്‍ക്കത്തെ തുടര്‍ന്നാണ് ലീഗിനോട് സ്ഥാനം ചോദിക്കാതിരുന്നത്. അതിനിടേ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സുഫൈജ അബൂബക്കര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെക്കാന്‍ അനുമതി തേടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയതായി പ്രചരണവുമുണ്ടായിരുന്നു.
എന്നാല്‍, അത്തരത്തിലൊരു കത്തും മുസ്ലിം ലീഗ് നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചൊവ്വാഴ്ച മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുകയും സുഫൈജയോട് രാജി വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്നണി ധാരണ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലീഗ് നേതൃത്വം കടുത്തസമ്മര്‍ദം സുഫൈജക്കുമേല്‍ ചെലുത്തിയിരുന്നു. ഡി.പി.സി മെമ്പര്‍ സ്ഥാനം നല്‍കാത്തതിന്റെ പേരിലും സുഫൈജ നേതൃത്വത്തിനോട് പരാതി ബോധിപ്പിച്ചിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സുഫൈജ ബുധനാഴ്ച വൈകിട്ടോടെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാറിന് രാജിക്കത്ത് കൈമാറിയത്. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി ഷാനവാസ് പാദൂര്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.