നീലേശ്വരം: അടുത്തവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ മണല്‍ ലോറി ഇടിച്ച് ഏഴുവയസുകാരന്‍ മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ സുബൈര്‍- ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസില്‍ (ഏഴ്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടപ്പുറം ആനച്ചാലിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം വഴിമധ്യേ സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ മണിക്കൂറോളം റോഡ് ഉപരോധിച്ചു. കുടുംബ സമേതം കുവൈത്തിലായിരുന്ന കുട്ടി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
അനധികൃതമായി മണല്‍കടത്തുകയായിരുന്ന മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ലോറിയാണ് അപകടം വരുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നീലേശ്വരം കടിഞ്ഞിമൂല സ്വദേശി സുമേഷിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടം വരുത്തിവച്ചതെന്ന പോലീസ് പറഞ്ഞു. ലോറി നീലേശ്വരം പോലിസ് കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം പാലം തുറന്നുകൊടുത്തതോടെ ഈ റൂട്ടില്‍ വാഹനങ്ങള്‍ ലക്കും ലഗാനുമില്ലാതെ ഓടുകയാണെന്ന നാട്ടുകാര്‍ പരാതിപ്പെട്ടു.
കോട്ടപ്പുറത്ത് ഏഴു വയസുകാരന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു; രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു