
ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്
കാസർകോട്: കാസർകോട്ടെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി ഇപ്പോൾ പാതി വഴിയിലാണ്. നെല്ലിക്കുന്ന് കസബ കടപ്പുറത്ത് പണി പൂർത്തീകരിച്ച ഹാർബർ ഇന്നും ഉദ്ഘാടനം കാത്ത് കിടക്കുന്നു. പയസ്വിനി പുഴയെയും (ചന്ദ്രഗിരി പുഴ) കടലിനെയും ബന്ധിപ്പിക്കുന്ന പുലിമുട്ട് പണി പൂർത്തീകരിക്കുന്നതിന് മുന്നേ തകർന്നുതുടങ്ങി. പുലിമുട്ട് നിർമാണത്തിൽ അപാകതയുണ്ടെന്ന് മത്സ്യ തൊഴിലാളികൾ നിരന്തരമായി പറയുന്നുണ്ട്. എന്നാൽ ഇത് ചെവിക്കൊള്ളാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ല.

പുലിമുട്ട് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി മത്സ്യ തൊഴിലാളികൾ രംഗത്ത് വന്നതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ ഹാർബറും ഉദ്ഘാടനമാകാതെ വർഷങ്ങൾ പിന്നിട്ടു. കോടികൾ മുതൽ മുടക്കിയ പദ്ധതിയാണ് ഇപ്പോൾ ഇങ്ങനെ അനാഥമായി കിടക്കുന്നത്.
മത്സ്യതൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമായ ഈ പദ്ധതി ഉടൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഹർബാറിലേക്കുള്ള വഴിയും മറ്റു അടിസ്ഥാന സൌകര്യങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു എങ്കിലും അധികാരികൾ അടിയന്തിര നടപടി സ്വീകരിച്ചാൽ എല്ലാം നന്നാകാവുന്നതേയുള്ളൂ. ഹാർബറിൽ വെള്ളവും വെളിച്ചവും ലഭ്യമാക്കണം, നശിച്ചുപോയ ടോയ്‌ലെറ്റ് സംവിധാനം നന്നാക്കിയെടുക്കണം. കാടുമൂടികിടക്കുന്ന പരിസരം വൃത്തിയാക്കണം. സമീപ പ്രദേശങ്ങളിൽ കൂടി വരുന്ന മദ്യപാനികരുടെ ശല്യത്തിനെ തടയിടാനാകണം.

അവധി ദിവസങ്ങളിൽ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ സ്ഥിരം സുരക്ഷാ ജീവനക്കാരെ നിയമിക്കണം. ഇതിലെല്ലാം നാട്ടുകാരൻ കൂടിയായ സ്ഥലം എം.എൽ.എ ശ്രദ്ധ ചെലുത്തുകയും വേണം. വർഷങ്ങളായി നശിച്ചുകൊണ്ടിരിക്കുന്ന ഈ ഹാർബറിനെ പുനർജീവിപ്പിക്കാൻ ഇനിയെങ്കിലും ഉദ്യോഗസ്ഥർ മുന്നോട്ട് വരണം.
