കാസര്‍കോട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്ന മൂന്ന് മാന്‍ കൊമ്പുകളും സംരക്ഷിത ഇനത്തില്‍പെട്ട 11 ആമകളുമായി നാലംഗ സംഘം പിടിയില്‍. കാസര്‍കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് സംഘത്തെ അറസ്റ്റു ചെയ്തത്. മൊഗ്രാലിലെ മുഹമ്മദ് അബ്ദുല്ല മൊയ്തീന്‍ (46), മൊഗ്രാല്‍പുത്തൂരിലെ വി. ഇമാം അലി (49), മായിപ്പാടിയിലെ കരീം (40), മൊഗ്രാല്‍ കൊപ്രബസാറിലെ ബി.എം ഖാസിം (55) എന്നിവരെയാണ് ഡിഎഫ്ഒ എം രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കുമ്പള പേരാല്‍ കണ്ണൂരില്‍ വെച്ചാണ് നാലംഗസംഘം പിടിയിലാകുന്നത്.
കാസര്‍കോട് കേന്ദ്രീകരിച്ച് വന്‍ലോബി തന്നെ ആമ കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പരിശോധന നടത്തിയത്. രണ്ട് ആള്‍ട്ടോ കാറുകളിലായി കലമാന്‍ കൊമ്പുകളും ആമകളുമായി ആള്‍ട്ടോ കാറില്‍ സഞ്ചരിച്ചവേ അധികൃതര്‍ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ആമകളെയും മാന്‍ കൊമ്പുകളും കണ്ടെത്തിയത്.
പ്രതികള്‍ സഞ്ചരിച്ച കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു സംഘത്തിന് കൈമാറാന്‍ വേണ്ടി മാന്‍ കൊമ്പുകളും ആമകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. കാറിനു എസ്‌കോര്‍ട്ട് ആയി ബൈക്കില്‍ പോയ സംഘത്തിലെ ചിലര്‍ രക്ഷപ്പെട്ടവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ചു ലക്ഷത്തിനാണ് ആമകള്‍ക്ക് വില പറഞ്ഞുവെച്ചതെന്ന് പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. വന്‍ ശൃംഖല തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.ആര്‍ ഷാജീവ്, റേഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാര്‍, ഫോറസ്റ്റ് ഓഫീസര്‍മാരായ ചന്ദ്രന്‍ നായര്‍, വി.വി രാജഗോപാലന്‍, എം.കെ നാരായണന്‍, ബീറ്റ് ഓഫീസര്‍മാരായ കെ. ധനഞ്ജയന്‍, കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഓഫീസര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൗക്കത്ത്, ജോഷി ജോസഫ്, ധനേഷ്, ഡ്രൈവര്‍മാരായ രമേശന്‍, രാഹുല്‍ എന്നിവരും റെയിഡിനുണ്ടായിരുന്നു.