
കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയുടെ പേരിൽ സംഘർഷം. പള്ളിയില്‍ പ്രവേശിക്കാനായി എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടയുകയും ഗേറ്റടച്ചിട്ട് പള്ളിക്കകത്ത് കയറിയിരിക്കുകയുമായിരുന്നു യാക്കോബായ വിഭാഗം. അതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. തികളാഴ്ച്ച രാവിലെ പത്തരയോടെയാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്. തോമസ് പോള്‍ റമ്ബാൻ്റെ നേതൃത്വത്തിലാണ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചത്. പള്ളിയുടെ പ്രവേശന കവാടത്തില്‍ എത്തിയതോടെ പള്ളിക്കകത്ത് കയറി യാക്കോബായ വിഭാഗം ഇരിപ്പുറപ്പിക്കുകയും മറു വിഭാഗത്തെ തടയുകയുമായിരുന്നു.

സംഭവം സംഘർഷത്തിൽ കലാശിച്ചതോടെ സഹികെട്ട കോതമംഗലത്തെ പൊതുസമൂഹവും വ്യാപാരികളും കടകളടച്ച് വീടുകളിലേക്ക് പോയി. ബസ് ഉടമകൾ ഇതുവഴിയുള്ള ബസ് സർവീസും നിർത്തിവെച്ചു. സ്ഥലത്ത് ഇപ്പോൾ ഹർത്താൽ പ്രതീതിയാണ്.
ഒക്ടോബര്‍ 17നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ കോതമംഗലം പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് കോടതി വിധി വന്നത്. യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് പള്ളിയാണ് കോതമംഗലം മാര്‍ത്തോമ പള്ളി. കോടതി വിധി നടപ്പിലാക്കാൻ സാധിക്കാത്തതിനാൽ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും അല്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി മൂവാറ്റുപ്പുഴ ആര്‍.ടി.ഒ വ്യക്തമാക്കി. പള്ളിക്ക് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
