
തൃശൂര്‍: ചാലക്കുടി പരിയാരത്ത് പാട്ടകൃഷിക്കാരനും നാണ്യവിള ഏജന്റുമായിരുന്ന അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവന്റെ (46) മരണത്തില്‍ പോലീസിന്റെ സംശയം നീളുന്നത് അഡ്വ. ഉദയഭാനുവിലേക്ക്. രാജീവ് വധക്കേസിലെ പ്രതി അങ്കമാലി സദേശി ചക്കര ജോണി അറസ്റ്റിലായതോടെയാണ് കേസിൽ കൂടുതൽ വ്യക്തത കൈവരുന്നത്. കേസിലെ മുഖ്യ പ്രതി ചക്കരജോണിയും രാജീവും വസ്തുക്കച്ചവടത്തിലെ പങ്കാളികളായിരുന്നു. പിന്നീടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അഭിഭാഷകനായ ഉദയഭാനുവുമായി ബന്ധപ്പെടാനിടയായത്. വിദ്യാഭ്യാസം കുറഞ്ഞ രാജീവിനെതിരെ ചക്കരജോണിയും ഉദയഭാനുവും കരുനീക്കുകയായിരുന്നെന്നാണ് ആരോപണം. പാലക്കാട് ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവുമായി പ്രശ്‌നമുണ്ടായത്.
പാലക്കാട് ജില്ലയിലും നെടുമ്പാശേരിയിലുമായി അഞ്ചുകോടി രൂപയ്ക്കു സ്ഥലം വാങ്ങാന്‍ ഉദയഭാനു രാജീവിനെ ഇടനിലക്കാരനാക്കിയിരുന്നു. കച്ചവടം നടക്കാതായപ്പോള്‍, മുന്‍കൂര്‍ നല്‍കിയ പണം തിരിച്ചുനല്‍കണമെന്നു രാജീവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പണം ലഭിക്കാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. രാജീവിനെ ബിസിനസില്‍നിന്നു പുറത്താക്കുമെന്നു ജോണി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. നെടുമ്പാശേരിയിലും അങ്കമാലിയിലും വന്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ രാജീവ് നടത്തിയതു ജോണിയുടെ ബിസിനസിനെ ബാധിച്ചിരുന്നു.

രാജീവ് ഇടനിലനിന്ന് വസ്തുവില്‍പനക്കാരും അഭിഭാഷകനുമായി രണ്ടു കരാറുകളാണ് ഉണ്ടാക്കിയത്. ആദ്യത്തേത് പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ മുതലമടയില്‍ മേരി, റോഹിത് എന്നിവരുടെ പക്കലുണ്ടായിരുന്ന 16 ഏക്കര്‍ വാങ്ങാനായിരുന്നു. 3.14 കോടി വരുന്ന ഈ വസ്തുവിന് അഭിഭാഷകന്‍ 50 ലക്ഷം മുന്‍കൂര്‍ നല്‍കി. 2016 ജൂെലെയിലായിരുന്നു കരാര്‍. മറ്റൊരു കരാര്‍ അങ്കമാലിയില്‍ സെന്റിന് 1.75 ലക്ഷം നിരക്കില്‍ 27 സെന്റ് വാങ്ങാന്‍ മറിയാമ്മ, പൗലോസ് എന്നിവരുമായി അഭിഭാഷകന്‍ ഏര്‍പ്പെട്ടതാണ്. ഇതിനായി 20 ലക്ഷം മുന്‍കൂര്‍ നല്‍കിയിരുന്നു. രണ്ട് ഇടപാടുകളിലും സാക്ഷിയായി രാജീവ് ഒപ്പിട്ടിരുന്നു. എന്നാല്‍, രാജീവ് തുക കക്ഷികള്‍ക്കു നല്‍കിയില്ലെന്നാണു കേസിലെ അഞ്ചാം എതിര്‍കക്ഷിയായ അഭിഭാഷകന്‍ പോലീസിനു നല്‍കിയ പരാതി. തന്നെ കേസിലേക്കു മനഃപൂര്‍വം വലിച്ചിഴയ്ക്കുകയാണെന്നും ഉദയഭാനു പറയുന്നു. അഭിഭാഷകന്‍ ഈ രണ്ടു വസ്തുക്കള്‍ക്കും വസ്തു ഇടപാടുകള്‍ക്കു രാജീവ് ഇടനില നിന്നതോടെ ഏതുവിധേനയും അതു തകര്‍ക്കണമെന്ന വാശിയിലായിരുന്നു ജോണി.
പിന്നീട് രാജീവുമൊത്തുള്ള അഭിഭാഷകന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാട് പൊളിഞ്ഞു. വിലകൂട്ടിപ്പറഞ്ഞാണ് കോടികള്‍ മതിക്കുന്ന വസ്തുക്കള്‍ അഭിഭാഷകനെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നതാണു കച്ചവടം നടക്കാതിരിക്കാന്‍ കാരണമായി രാജീവ് ബന്ധുക്കളോടു പറഞ്ഞത്. ഇതിനു പിന്നില്‍ ജോണിയാണെന്നും രാജീവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രതികളായ നാലുപേരെ പോലീസ് പിടിക്കൂടിയതില്‍ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്. മാനസികെവെകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്നു ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ നല്‍കിയ പരാതിയില്‍ അഭിഭാഷകനില്‍നിന്നും ജോണിയില്‍നിന്നും ഭീഷണിയുള്ളതായി പരാമര്‍ശമുണ്ട്.
വെള്ളിയാഴ്ചയാണു രാജീവിനെ പരിയാരം എസ്. ഡി. കോണ്‍വെന്റ് വകയായുള്ള പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തവളക്കുഴിപ്പാറയില്‍ രാജീവ് പാട്ടത്തിനെടുത്ത ഇരുപതേക്കര്‍ വരുന്ന തോട്ടത്തിനടുത്തുനിന്ന് ഇയാളെ ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ടുപോയി വകവരുത്തിയെന്നാണ് നിഗമനം. ഇവിടെയുള്ള പറമ്പിലെ ചെറിയൊരു വീട്ടിലായിരുന്നു രാജീവ് താമസിച്ചിരുന്നത്. ഇതോടു ചേര്‍ന്നുള്ള ജാതിത്തോട്ടത്തില്‍ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം സമീപത്തെ പറമ്പിലേക്ക് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ബലംപ്രയോഗിച്ച് മുദ്രപ്പത്രങ്ങളില്‍ ഒപ്പുവയ്പ്പിക്കുന്നതിനുള്ള ക്വട്ടേഷന്‍ നടപ്പാക്കുകയായിരുന്നു. ഇതിനിടെ അവിചാരിതമായി രാജീവ് കൊല്ലപ്പെട്ടതായി കരുതുന്നു. അഭിഭാഷകന്‍ ഉദയഭാനുവില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി. ജി. പിക്കും ഹൈക്കോടതിയിലും രാജീവ് മുമ്പ് പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരം പോലീസ് സുരക്ഷയുള്ളപ്പോഴാണ് കൊല്ലപ്പെടുന്നത്. ഉടുത്തിരുന്ന മുണ്ടുകൊണ്ടു ദേഹത്തു വരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പായ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു വകവരുത്തിയെന്നാണ് സൂചന. മഠത്തിലെ തോട്ടത്തിന്റെ മേല്‍നോട്ടക്കാരന്‍ പരിസരവാസിയായ ബാബു, രാവിലെ കെട്ടിടത്തില്‍ ആളുകളെ കണ്ട് കാര്യം തിരക്കിയപ്പോള്‍ ക്വട്ടേഷനെടുത്തവര്‍ ഇയാളെ വിരട്ടിവിട്ടെന്നു പറയുന്നു. രാജീവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഇടവഴിയില്‍ കിടക്കുന്നതു കണ്ട സ്ത്രീ തൊഴിലാളികളാണു വിവരം അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കോണ്‍വെന്റിലെ കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
