
പ്രമോദ് പുഴങ്കര
ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്ന് ഇരിക്കാന്‍ തുടങ്ങിയതെയുള്ളൂ അപ്പോഴേക്കും എത്തി വന്ദേ മാതരം. സുഹാസിനിയും സുഭാഷിണിയും മാത്രമല്ല നാട്ടുകാര്‍ മൊത്തം എഴുന്നേറ്റോളൂ എന്നാണ് മദ്രാസ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞത്. എല്ലാ വിദ്യാലയങ്ങളിലും ആഴ്ചയിലൊരിക്കല്‍ വന്ദിക്കണം. തിങ്കളാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ആണ് നല്ല ദിവസമെന്നും കോടതിക്കണിയാന്‍ പറഞ്ഞിരിക്കുന്നു. എന്‍റെ ജഡ്ജിയങ്ങത്തെ!!
ദിനേന മന്ദാക്രാന്ദയില്‍ പോയിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ രാജ്യസ്നേഹത്തെ ശാര്‍ദൂലവിക്രീഡിദത്തിലാക്കാനാണ് താനീ ലോകനിയമചരിത്രത്തിലെ തമാശകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന ഈ സാഹസത്തിന് മുതിരുന്നതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രാജ്യസ്നേഹം എല്ലാവര്‍ക്കും വേണ്ട അവശ്യഗുണമാണെന്നും (എസ്മ പോലെ Essential Patriotism Maintenance Act കൊണ്ടുവരുന്നതിനെക്കുറിച്ചും സര്‍ക്കാരിന് ആലോചിക്കാം) ആളുകളില്‍ വന്ദേ മാതരമൊക്കെ പാടിയാണ് ഈ ഗുണമങ്ങനെ പൂത്തുവിടര്‍ന്നതെന്നും കോടതി നിരീക്ഷിക്കുന്നു. അതായത് 19 കാരന്‍ വിനായകന്‍ എന്ന ദളിതന്‍ മുടി നീട്ടിയതിനും പിന്നെ സവര്‍ണ പൌരഗുണങ്ങള്‍ ഇല്ലാത്തതിനും പോലീസുകാരുടെ തല്ലുകൊണ്ട് തൂങ്ങിച്ചാവുന്ന നാട്ടില്‍, ഗോസംരക്ഷകര്‍ എന്ന ഹിന്ദുത്വ ഭീകരവാദികള്‍ പശുവിന്റെ പേരില്‍ മുസ്ലീങ്ങളെയും ദളിതരേയും തല്ലിക്കൊല്ലുന്ന നാട്ടില്‍ , പാടൂ വന്ദേ മാതരം, സ്വര്‍ഗത്തിലേക്കൊരു രാഗമാലികായാത്ര.

സര്‍ക്കാര്‍ ഉദ്യോഗത്തിനുള്ള ചോദ്യപേപ്പറില്‍ വന്ദേ മാതരം, ബംഗാളിയിലാണ് എഴുതിയത് എന്ന ഉത്തരം തെറ്റാണ്എന്ന എന്ന് പരീക്ഷ ബോര്‍ഡ് പറഞ്ഞപ്പോള്‍ അതിനെതിരെ ആ ഉത്തരം എഴുതിയ വീരമണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വീരമണി വാഴ്ക: സംസ്കൃതമല്ല, ബംഗാളിയാണ് ശരിയുത്തരം എന് കോടതി ശരിയായി പറഞ്ഞു. പക്ഷേ പിന്നെയാണ് നീതിദേവത പൂണ്ടുവിളയാടിയത്.
കോടതിയോട് ആവശ്യപ്പെടാത്ത, കോടതിക്ക് ഇടപെടാന്‍ ഒരു കാര്യവുമില്ലാത്ത ഒരു വിഷയത്തില്‍ ഒരു വിധി നല്കി അനുഗ്രഹിച്ചിരിക്കയാണ് മദ്രാസ് ഹൈക്കോടതി. സ്കൂളുകളില്‍ മാത്രമല്ല, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ മാസത്തിലൊരിക്കല്‍ ദേശാഭിമാന വന്ദേ മാതര കച്ചേരി നടത്തണം എന്നും കോടതി പറയുന്നു.
അപ്പോ നിങ്ങള്‍ പറയും അപ്പീല്‍ പൊയ്ക്കൂടെ ന്നു. ആവാലോ, അവിടെ സിനിമ തിയ്യാറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചാല്‍ രാജ്യസ്നേഹം, ഉത്തിഷ്ഠത ജാഗ്രത എന്നായിക്കൊളും എന്ന് വിധിച്ച വിദ്വാനൊക്കെയാണ് അടുത്ത ചീഫ് ജസ്റ്റിസ്. ചെന്നാട്ടെ. പേറെടുക്കാന്‍ ചെന്ന പേറ്റിച്ചി ഇരട്ടപെറ്റ പോലെ, രാവിലെ ദേശീയഗാനവും വൈകീട്ട് വന്ദേ മാതരവും എന്ന ഗതിയാകും അപ്പീലില്‍.
രാജ്യസ്നേഹമുള്ള കുട്ടികളുണ്ടാകാന്‍ ഭോഗത്തിന് മുമ്പ് ദേശീയഗാനവും ശേഷം വന്ദേ മാതരവും ആലപിക്കണം എന്ന ഉത്തരവ് വന്നാലും അമ്പരക്കേണ്ടതില്ല. “49 വയസുള്ള ശ്യാമളയും കോമളയും സര്‍വോപരി സുജലയുമായ യുവതി. തന്‍റേതല്ലാത്ത കാരണങ്ങളാല്‍ ആലപിക്കപ്പെടാതെ പോയ ഗാനം ആലപിക്കാന്‍ ദേശസ്നേഹികളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. ദേശീയഗാനം അറിയുന്ന കിരിയത്തെ നായന്‍മാര്‍ക്ക് മുന്‍ഗണന. (ചെവിയില്‍ പൂട ഉത്തമം). ജില്ലാ കളക്ടര്‍ തെരഞ്ഞെടുക്കുന്ന അപേക്ഷയില്‍ അതാത് ഹൈക്കോടതി അന്തിമതീരുമാനം എടുക്കുന്നതായിരിക്കും.”
എന്നാലുമെന്‍റെ ഹൈക്കോടതി/സുപ്രീം കോടതി രാജ്യസ്നേഹ ന്യായാധിപന്‍മാരെ, ഇടക്കെങ്കിലും Jurisprudence പുസ്തകങ്ങള്‍ ഒന്നു മറിച്ചുനോക്കണം. എന്നിട്ടുപോരേ We or Our Nationhood Defined വിധിന്യായത്തില്‍ പകര്‍ത്തല്‍ !
