കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചു. പാലാരിവട്ടത്തെ സ്റ്റേഷനില്‍ സംസ്ഥാനത്തെ ആദ്യ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിച്ചത് . കേരളത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു ഏടുകൂടി എഴുതി ചേര്‍ത്തു എന്ന് തന്നെ പറയാം. കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് കൊച്ചി മെട്രോയുടെ മറ്റു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ആദ്യം പാലാരിവട്ടത്തെ മെട്രേ സ്റ്റേഷനില്‍ എത്തി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി കൊച്ചി മെട്രേയില്‍ ആദ്യ യാത്രയും നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കാളികളാകളായി. ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തന്നെയാണ് യാത്ര ചെയ്യാനാകുക. സ്‌നേഹ യാത്ര എന്നപേരില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ യാത്രകളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വൃദ്ധസദനങ്ങളിലെ അന്തേവാസികളുമെല്ലാം സന്നിഹിതരാകും. തിങ്കളാഴ്ച മുതല്‍ എല്ലാവര്‍ക്കും സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റെടുത്ത് മെട്രോയില്‍ യാത്ര ചെയ്യാം.