
ന്യൂഡൽഹി: സുപ്രീം കോടതിയുടെ വളപ്പില്‍ മധ്യവയസ്‌ക്കന്‍റെ ആത്മഹത്യാശ്രമം. കൈയുടെ ഞരമ്പുകള്‍ മുറിച്ച ശേഷം മാധ്യമ ക്യാമറകള്‍ക്ക് മുന്‍പിലേക്ക് ഓടി വരികയായിരുന്നു ഇദ്ദേഹം. മാധ്യമങ്ങളുടെ ക്യാമറകള്‍ വെച്ചിരിക്കുന്ന സ്ഥലത്തിന്‍റെ തൊട്ടുപിറകില്‍ നിന്നും കൈഞരമ്പുകള്‍ മുറിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഓടി വന്നത്.

കൈകളില്‍ രക്തം ഒലിപ്പിച്ചുകൊണ്ട് ക്യാമറകള്‍ വെച്ചിടത്തേക്ക് ഓടി വന്ന അദ്ദേഹം അവിടെ വീഴുകയായിരുന്നു. ഇത് സുപ്രീം കോടതിയില്‍ നിന്നും വന്ന വിധിയാണെന്നും ഈ കേസില്‍ എന്നെ അറിയിക്കാതെ എനിക്ക് പ്രതികൂലമായി വിധി വന്നിരിക്കുന്നു എന്നും ഇനി മരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും വെള്ളപേപ്പര്‍ ഉയര്‍ത്തിക്കാട്ടി കൊണ്ട് ഇദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഷര്‍ട്ടിലും ദേഹത്തുമെല്ലാം ചോര പടര്‍ന്ന നിലയിലായിരുന്നു ഇദ്ദേഹം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇദ്ദേഹം കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ബലമായി പിടിച്ച് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇയാളുടെ പേരോ വിശദാംശംങ്ങളോ ലഭ്യമായിട്ടില്ല.
