കേസിൽ നിലവിൽ സാക്ഷികളില്ല; പോസ്റ്റുമോർട്ടം നടന്നത് റോയിയുടെ മരണത്തില്‍ മാത്രം; കൂടത്തായി പരമ്പരക്കൊല തെളിവ് ശേഖരണം പോലീസിന് മുന്നിലുള്ള വെല്ലുവിളി

  • Post category:news
  • Reading time:1 min read
You are currently viewing കേസിൽ നിലവിൽ സാക്ഷികളില്ല; പോസ്റ്റുമോർട്ടം നടന്നത് റോയിയുടെ മരണത്തില്‍ മാത്രം; കൂടത്തായി പരമ്പരക്കൊല തെളിവ് ശേഖരണം പോലീസിന് മുന്നിലുള്ള വെല്ലുവിളി

കൂടത്തായി പരമ്പര കൊലക്കേസിൽ അന്വേഷണസംഘത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ആറു മരണങ്ങളും കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇവ ആസൂത്രണം ചെയ്ത ജോളി അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്നാൽ, കേസ് നിലനിൽക്കാൻ ശക്തമായ തെളിവുകൾ വേണം. ഇന്നത്തെ നിലയിൽ പോലീസിന്‍റെ മുന്നിലുള്ള ഏക തെളിവ് കൊല്ലപ്പെട്ട റോയി തോമസിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമാണ്.

ഇതിൽ മാത്രമേ പോസ്റ്റുമോർട്ടം നടന്നിട്ടുള്ളൂ. റോയി മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മറ്റ് അഞ്ചുപേരും മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്നതിന് ജോളിയുടെ കുറ്റസമ്മതമല്ലാതെ നിലവിൽ ശാസ്ത്രീയ തെളിവുകളില്ല. ഈ സാഹചര്യത്തിൽ പോലീസ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അഞ്ചുപേരുടെയും ശവക്കല്ലറ തുറന്നുനടത്തിയ പരിശോധനാ ഫലത്തിനാണ്. കണ്ണൂർ ഫൊറൻസിക് ലാബിലാണ് പരിശോധന നടക്കുന്നത്. എത്രയുംപെട്ടെന്ന് റിപ്പോർട്ട് നൽകാൻ ഒരിക്കൽക്കൂടി റൂറൽ എസ്.പി. കെ.ജി. സൈമൺ കത്തയച്ചിട്ടുണ്ട്.

മൂന്നുമുതൽ 17 വരെ വർഷം പഴക്കമുള്ള മൃതദേഹങ്ങളാണ്. ഇവയിൽനിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താൻ കഴിയുമോ എന്നകാര്യത്തിൽ ഫൊറൻസിക് വിദഗ്ധർക്കും ഉറപ്പില്ല. മൂന്നുവർഷം പഴക്കമുള്ളത് സിലിയുടെ മൃതദേഹമാണ്. മാത്യുവിന്‍റെയും അൽഫൈന്‍റെയും മൃതദേഹത്തിന് അഞ്ചുവർഷത്തോളം പഴക്കമുണ്ട്. ഇതിൽനിന്നെങ്കിലും സയനൈഡിന്‍റെ അംശം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

സയനൈഡ് എത്തിച്ചുനൽകിയ രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇതിലൊരാൾ സയനൈഡ് കിട്ടാൻ സാധ്യതയുള്ള സ്വർണപ്പണിക്കാരനാണ്. എല്ലാ കൊലപാതകങ്ങൾക്കും സയനൈഡ് എത്തിച്ചുനൽകിയത് ഇവർ തന്നെയാണോ എന്നും സ്ഥിരീകരിക്കേണ്ടതുണ്ട്.

കേസിൽ നിലവിൽ സാക്ഷികളാരുമില്ലാത്തത് പ്രശ്നമാണ്. റോയിയുടെ മരണത്തിൽ കൃത്യമായി സാക്ഷിപറയാൻ കഴിയുന്ന ഒരാളായിരുന്നു അമ്മാവൻ മാത്യു. ഇദ്ദേഹം മരിച്ചതിനാൽ ആ സാധ്യത ഇല്ലാതായി. എല്ലാവരും മരിക്കുമ്പോൾ അവിടെ ജോളി ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാൻ കഴിയാവുന്ന സാക്ഷികളെയും കണ്ടെത്തേണ്ടതുണ്ട്. ജോളിയുമായി അടുത്തബന്ധം പുലർത്തിയ ചിലരിലേക്കും അന്വേഷണം നീളുന്നതായി പോലീസ് പറയുന്നു. കൊലപാതകത്തിന് ബാഹ്യബന്ധമുണ്ടെന്ന വാദം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ജോളിയുമായി അടുത്ത സൗഹൃദത്തിലുള്ളവരുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

ഇതിൽ സംശയമുള്ളവരെ അടുത്തദിവസം തന്നെ ചോദ്യംചെയ്യും. ജോളി എൻ.ഐ.ടി.യിലേക്കെന്നു പറഞ്ഞ് എവിടേക്കാണ് ദിവസവും പോയിരുന്നതെന്ന കാര്യവും പോലീസ് പരിശോധിച്ചുവരുകയാണ്. ഈ യാത്രയ്ക്കും കൊലപാതകങ്ങൾക്കും തമ്മിൽ ബന്ധമുണ്ടോയെന്നും നോക്കുന്നുണ്ട്.

0Shares