കാസര്‍കോട്: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ(കെ.എം.എസ്.എസ്)യുടെ കാസര്‍കോട് ജില്ലാ വനിതാ പ്രവര്‍ത്തക സംഗമം പൈക്കം ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈക്കം- ബാലടുക്കം പോട്ടറി സൊസൈറ്റി ഹാളില്‍ വച്ച് നടന്നു. കെ.എം.എസ്.എസ് വനിതാ വേദിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, സാമുദായ സംഘടനയുടെ പ്രവര്‍ത്തനത്തിന് ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണ സമുദായത്തിലെ മുഴുവന്‍ സ്ത്രീകളെയും വനിതാ വേദിയുടെ പ്രവര്‍ത്തന പുരോഗതിക്ക് ഒത്തുചേര്‍ക്കുക എന്നീ ലക്ഷ്യത്തിന് വേണ്ടിയും സംഘടനയ്ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും പുതിയവ നേടിയെടുക്കുന്നതിന് വേണ്ടിയുമാണ് കെ.എം.എസ്.എസ് വനിതാ വേദിയുടെ യോഗം ഇന്ന് നടത്തിയത്.

രാവിലെ നടന്ന രജിസ്‌ട്രേഷനില്‍ നിരവധി സ്ത്രീകളാണ് വനിതാ വേദിയില്‍ അംഗങ്ങളായത്. കെ.എം.എസ്.എസ് വനിതാ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വിജയകുമാരിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. കെ.എം.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.യു. ഭവാനി, ജില്ലാ കമ്മറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.വി. മല്ലിക ടീച്ചര്‍, ജില്ലാ പ്രസിഡന്റ് നിര്‍മ്മല തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ കെ.എം.എസ്.എസ് ജില്ലാ വനിതാ വേദിയുടെ പുതിയ പ്രസിഡന്റായി കെ. മാധവി നാരയണിനെയും സെക്രട്ടറിയായി ശ്രീലത എരിക്കുളത്തെയും ട്രഷററായി രോഹിണി എരുമക്കുളത്തെയും തിരഞ്ഞെടുത്തു.

കൂടാതെ കാസര്‍കോട് ജില്ലയില്‍ നിന്നും കെ.എം.എസ്.എസിന്റെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട കെ. പീതാംബരന്‍, കെ. ഭാസ്‌കരന്‍, ഇ.കെ സാവിത്രി എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. തുടര്‍ന്ന് പൈക്കം ശാഖയില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് പെരിയ ശാഖയുടെ വനിതാ വേദി അവതരിപ്പിച്ച കോല്‍ക്കളി കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവധ ശാഖകളില്‍ നിന്നാണ് നൂറു കണക്കിന് വനിതകളാണ് പരിപാടിയില്‍ ഒത്തു കൂടിയത്.