
കല്‍പ്പറ്റ: കേരള ചരിത്രത്തില്‍ ഇതാദ്യമായി ആദിവാസി വിഭാഗമായ കുറിച്യ വിഭാഗത്തില്‍ നിന്നും ഒരു വനിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി. വയനാട് ജില്ലയിലെ പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ശ്രീധന്യയാണ് ഈ നേട്ടം സ്വന്തമാക്കിയത്. തന്‍റെ രണ്ടാം ശ്രമത്തിലാണ് ശ്രീ ധന്യയുടെ ഐതിഹാസിക നേട്ടം. ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

തന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികൂടിയായ രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്. കഠിനാധ്വാനവും ആത്മ സമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീധന്യയേയും കുടുംബത്തേയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു. തെരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
