കാസര്‍കോട്: പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ഭാവിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനമായ മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന സാഹചര്യമാണുള്ളത്. പുതിയ മെഡിക്കല്‍ കോളഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്യമാക്കാനുള്ള നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പുതിയ കാമ്പസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
പുരാതനകാലത്തുതന്നെ ലോകമെമ്പാടുനിന്നുമുള്ളവര്‍ ഉന്നതവിദ്യാഭ്യാസത്തിനായി നാളന്ദ, തക്ഷശില പോലുള്ള സര്‍വകലാശാലകളില്‍ എത്തിയിരുന്നു. പിന്നീട് ബ്രീട്ടീഷ് അധിനിവേശത്തോടെ അത് ശിഥിലമായി. ഇന്ന് വിദ്യാഭ്യാസരംഗത്ത് പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസം അറിവ് നേടുന്നതിനു മാത്രമുള്ളതല്ല, ശാക്തീകരണത്തിനുള്ളതാണ്. ഗൂഗിളിലൂടെ നേടുന്ന അറിവിന് പകരമാവില്ല ഗുരുവെന്നും ഉപരാഷ്ട്രപതി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
ജോലി തേടി വിദേശ രാജ്യങ്ങളില്‍ പോയാലും തിരികെയെത്തി ജന്മനാട്ടിനുവേണ്ടി പ്രയത്നിക്കണം. നമ്മുടെ സമൂഹത്തിന് നന്മയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഏത് ഭാഷ പഠിച്ചാലും മാതൃഭാഷ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭാവിയില്‍ കേരളത്തിലെ ഉന്നതവിഭ്യാഭ്യാസം മലയാളത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസാരിച്ച തുറുമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ താന്‍ എംപിയായിരുന്ന കാലം മുതലുള്ള കാസര്‍കോടിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിശദീകരിച്ചു. പി.കരുണാകരന്‍ എം.പി, യു.ജി.സി അംഗം ഡോ.ജി.ഗോപാല്‍ റെഡ്ഡി, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ സ്വാഗതവും സര്‍വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. കെ.ജയപ്രസാദ് നന്ദിയും പറഞ്ഞു. എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉള്‍പ്പെടെയുള്ള വിപുലമായ സദസ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
കേരള കേന്ദ്ര സര്‍വകലാശാല പുതിയ കാമ്പസ് ഉപരാഷ്ട്രപതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; കേരള കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ആരോഗ്യമന്ത്രാലയോത്തോട് ശുപാര്‍ശ ചെയ്യുമെന്ന് എം. വെങ്കയ്യനായിഡു