കേരളാ പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട്; ഡി.ജി.പിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം: മുല്ലപ്പള്ളി

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട്; ഡി.ജി.പിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല.

പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ഭയവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ ഡി.ജി.പിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഈ വിഷയം ഗൗരവത്തോടെ കാണണം. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഡി.ജി.പിക്ക് വീഴ്ചപറ്റി.

പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ഡി.ജി.പി ശ്രമിച്ചത്. നീതിബോധമുള്ള ഏതൊരാള്‍ക്കും താന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാകും. ഭീഷണിപ്പെടുത്താതെ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഡി.ജി.പി തയ്യാറായാല്‍ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം നടത്തിയിട്ടുള്ള നീക്കങ്ങളെയും ഇടപാടുകളെയും കുറിച്ച് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ തനിക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

0Shares