കേരളാ കോണ്‍ഗ്രസില്‍ യൂത്തിലും വിഭാഗീയത; യൂത്ത്ഫ്രണ്ട് ജന്മദിനാചരണവും ചേരി തിരിഞ്ഞ്, സംസ്ഥാന പ്രസിഡന്റ് ജോസഫിനൊപ്പം, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കെ. മാണിക്കൊപ്പം

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ കോണ്‍ഗ്രസില്‍ യൂത്തിലും വിഭാഗീയത; യൂത്ത്ഫ്രണ്ട് ജന്മദിനാചരണവും ചേരി തിരിഞ്ഞ്, സംസ്ഥാന പ്രസിഡന്റ് ജോസഫിനൊപ്പം, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കെ. മാണിക്കൊപ്പം

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ കേരളാ കോണ്‍ഗ്രസില്‍ ഇരുവിഭാഗവും ഇന്നു വെവ്വേറെ യൂത്ത് ഫ്രണ്ട് ജന്മദിനാചരണം നടത്തും. മാണി വിഭാഗത്തോട് അടുത്തു നിൽക്കുന്ന യൂത്ത് ഫ്രണ്ട് ജന്മദിനാചരണം കോട്ടയത്ത് ഇന്നു ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് സൈമൺ ആണ് അധ്യക്ഷൻ. അതേ സമയം ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം തിരുവനന്തപുരം എൽഎംഎസ് ഓർഫനേജ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്കൊപ്പം നടത്തും. പി.ജെ. ജോസഫിനൊപ്പം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും പങ്കെടുക്കും.

അതിനിടെ പാർട്ടി പിടിച്ചടക്കാൻ ജോസഫ്–മാണി വിഭാഗങ്ങൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ കേരള കോൺഗ്രസിൽ (എം) താഴേത്തട്ടിൽ പിളർപ്പു തുടരുകയാണ്. ജോസഫ് വിഭാഗത്തിൽപെട്ട എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ ജോസ് കെ. മാണി വിഭാഗം പുറത്താക്കി. പുതിയ ജില്ലാ പ്രസിഡന്റായി ബാബു ജോസഫിനെ തെരഞ്ഞെടുത്തു. അതേസമയം, ജോസഫ് വിഭാഗം യോഗം ചേർന്നു പി.ജെ.ജോസഫിനും സി.എഫ്.തോമസിനും പിന്തുണ പ്രഖ്യാപിച്ചു.ആറു ജില്ലാ പ്രസിഡന്റുമാരെ പരസ്പരം പുറത്താക്കിയതായി പറയപ്പെടുന്നു.

ചില സ്ഥലങ്ങളിൽ ജില്ലാ പ്രസിഡന്റുമാരെ പുറത്താക്കിയതായി സമൂഹമാധ്യമത്തിൽ പ്രചാരണവും നടക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റുമാരായ കെ.ജെ.ദേവസ്യ (വയനാട്) ടി.എം.ജോസഫ് എന്നിവരെ പുറത്താക്കിയെന്ന വാർത്ത തമാശയാണെന്ന് എൻ.ജയരാജ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുക്ക‌പ്പെട്ട ഭാരവാഹികളെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നടപടികൾ പാർട്ടിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടിക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയ കോടതിവിധിക്കെതിരെ ഇതുവരെ മാണി വിഭാഗം റിവ്യൂ പെറ്റിഷൻ നൽകിയിട്ടില്ല. കോടതി ഉത്തരവു ലഭിക്കാത്തതാണു കാരണം.

0Shares