തൃശൂര്‍: വീണ്ടും വിവാദപരാമര്‍ശവുമായി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല രംഗത്ത്. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം, ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും ശശികല പറഞ്ഞു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം പിടിച്ചെടുക്കാന്‍ ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ‘രാമരാജ്യ’ പരാമര്‍ശവുമായി ശശികല എത്തുന്നത്. നേരത്തെയും വര്‍ഗ്ഗീയപരാമര്‍ശങ്ങളുമായി ശശികല രംഗത്തെത്തിയിട്ടുണ്ട്. അന്ന് ശശികലക്കെതിരെ കേസെടുത്തിരുന്നു. വല്ലപ്പുഴ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനാക്കി ഉപമിച്ചതും വിവാദമായിരുന്നു.