
തിരുവനന്തപുരം: ഇടത് മുന്നണിയില്‍ സി. പി. എമ്മിന്റെ നിഴലാണ് സി. പി. ഐ എന്ന ആരോപണം എല്ലാക്കാലവും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. നിലപാടുകളില്‍ ഇടത് വീക്ഷണം ഉയര്‍ത്തിപിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിട്ടുള്ള സി. പി. ഐ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ കേരളത്തില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബി. ജെ. പി. ശക്തിപ്രാപിക്കുന്ന തിരുവനന്തപുരത്ത് ചരിത്രം തിരുത്തിയെഴുതാന്‍ ദേശീയ തരംഗമായ കനയ്യ കുമാറിനെ 2019-ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി. പി. ഐ. സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. കനയ്യയ്ക്കും ഇത് സമ്മതമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. മത്സരിക്കുന്ന സാധ്യതകള്‍ കനയ്യ തന്നെ പുറത്തുവിടുകയും ചെയ്തു. സംഘപരിവാര്‍ശക്തികളുടെ പ്രചാരണങ്ങളെ തള്ളിക്കളയുന്ന സംസ്ഥാനമാണ് കേരളം എന്നും മലയാളഭാഷ കടുപ്പമാണെങ്കിലും പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എ. ഐ. എസ്. എഫ്. സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കനയ്യകുമാറിന്റെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് യുവാക്കള്‍ സ്വീകരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാവുമെന്ന് പാര്‍ട്ടി ചര്‍ച്ചയൊന്നും ചെയ്തിട്ടില്ല. ജെ. എന്‍. യു.വിലെതന്നെ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് മൊഹിസിനെ പട്ടാമ്പിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയം കൊയ്തിട്ടുണ്ട് സി. പി. ഐ.
