
കാസർകോട്: കാസർകോട് ജില്ലയിലെ ചെമ്പരിക്ക ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണ പുനരന്വേഷണ ഭാഗമായി സി.ബി.ഐ.യുടെ നേതൃത്വത്തിൽ ഡോക്ടർമാരടങ്ങുന്ന വിദഗ്ധസംഘം പ്രദേശത്തിൽ തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന സി.ബി.ഐ. ഡിവൈ.എസ്.പി. കെ.ജി.ഡാർവിന് നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ചെമ്പരിക്ക ഖാസി മരണത്തിൽ കേസ്അന്വേഷിക്കുന്ന സംഘം ശാസ്ത്രീയാന്വേഷണം നടത്തണമെന്ന എറണാകുളം സി.ജെ.എം. കോടതിയുടെ നിർദേശപ്രകാരമാണ് പുതുച്ചേരി ജിപ്മെറിലെ ഡോക്ടർമാരടങ്ങുന്ന വിദഗ്ധസംഘം കാസർകോട്ടെത്തിയത്.ഖാസി മരണത്തിൽ ഇത് മൂന്നാം തവണയാണ് സി.ബി.ഐ. അന്വേഷണം നടക്കുന്നത്.

സൈക്കോളജിക്കൽ ഓട്ടോപ്‌സി(ബന്ധുക്കളോടും സുഹൃത്തുക്കളോടും മറ്റ് അടുപ്പക്കാരോടും സംസാരിച്ച് മരിച്ചയാളുടെ മനോനില മനസ്സിലാക്കുന്ന രീതി)യുടെ ഭാഗമായാണ് സംഘം തെളിവെടുപ്പ് നടത്തിയത്. സംസ്ഥാനത്ത് ഈരീതിയിൽ അന്വേഷണംനടത്തുന്ന ആദ്യകേസാണിതെന്ന് മെഡിക്കൽ സംഘം പറഞ്ഞു. കീഴൂർ ചെമ്പരിക്കയിൽ ഖാസി താമസിച്ചിരുന്ന വീട്ടിലെത്തിയ സംഘം അവിടെ പരിശോധന നടത്തി. ബന്ധുക്കളുമായി സംസാരിച്ചിരുന്നു.
മനോരോഗവിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. വികാസ് മേനോൻ, ഫൊറൻസിക് വിഭാഗം മേധാവി ഡോ. കുസകുമാർ സാഹ, മനോരോഗവിഭാഗം പ്രൊഫസർ ഡോ. മൗഷ്മി പുർകായസ്ത, മനഃശാസ്ത്രവിദഗ്ധൻ കെ.അറിവഴകൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ കെ.ഗ്രീഷ്മ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ചെമ്പരിക്ക, മംഗളൂരു ഖാസിയായിരുന്ന സി.എം.അബ്ദുള്ള മൗലവിയെ 2010 ഫെബ്രുവരി 15-നാണ് ചെമ്പരിക്ക കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
