
കേരളത്തില്‍ നിന്ന് വീണ്ടുമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹപന്തല്‍. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയും അഥര്‍വും ഒന്നിക്കുന്നു. ഈ മാസം 26നാണ് വിവാഹം നടക്കുക. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം ഹാളില്‍ രാവിലെ 10.45നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.

സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയാണ് ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ് ഹെയ്ദി. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്.
കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്‍റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്‍ കെ. ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.
