ന്യൂഡല്‍ഹി: കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ 22 ജീവനുകളാണ് പൊലിഞ്ഞത്. പ്രശ്‌നം അതിഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

അതേസമയം, മലപ്പുറം ജില്ലയില്‍ നിലമ്പൂരിനു സമീപം ചെട്ടിയാന്‍പാറയില്‍ ഉരുള്‍പൊട്ടി കാണാതായ ചെട്ടിയാന്‍പാറ പട്ടികജാതി കോളനിയിലെ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ(30) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി പത്തോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി (56), ഭാര്യ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), വീട്ടില്‍ വിരുന്നിനെത്തിയ കുഞ്ഞിയുടെ സഹോദരീപുത്രന്‍ മിഥുന്‍ (16) എന്നിവര്‍ മരിച്ചിരുന്നു.